'ഒറ്റമുറി വാക്കുമായി' പ്രദീപ് കുമാർ

Thursday 18 September 2025 12:30 AM IST
പ്രദീപ് കുമാർ

കൊച്ചി: 'നീ കവിതയ്കളാൽ, കനവുഗളാൽ കയൽവിഴിയേ..." 2017ൽ പുറത്തിറങ്ങിയ 'മരഗത നാണയം' എന്ന തമിഴ്‌സിനിമയിലെ ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാത്തവർ കുറവായിരിക്കും. തെന്നിന്ത്യൻ ഗായകൻ പ്രദീപ് കുമാറിന്റെ മാജിക്കൽ വോയ്‌സ് അത്രമാത്രം ഹൃദയസ്പർശം. സംഗീതപ്രിയരെ പാട്ടുപാടി വീഴ്ത്തിയ പ്രദീപിന്റെ ഹൃദയം കീഴടക്കിയതാകട്ടെ മലയാളം ഗാനങ്ങൾ. ജേർണി ടു നെബുലക്കൽ എന്ന തന്റെ സംഗീതനിശയുമായി ബന്ധപ്പെട്ട് കൊച്ചിയിൽ എത്തിയ സംഗീതസംവിധായകൻ കൂടിയായ പ്രദീപ് പാട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

• നെബുലക്കൽ ടു കൊച്ചി ? രാജ്യത്തെ വിവിധയിടങ്ങളിൽ സംഗീതനിശകൾ സംഘടിപ്പിച്ചുവരികയാണ്. പുറത്തിറങ്ങിയ സിനിമകളിലെ ഗാനങ്ങളും തന്റെ ചില പാട്ടുകളുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഗായകരെ എന്നും പ്രോത്സാഹിപ്പിച്ചവരാണ് മലയാളികൾ. അതുകൊണ്ടാണ് കൊച്ചിയെയും വേദിയായി തിരഞ്ഞെടുത്തത്.

• ആദ്യമായാണോ കൊച്ചിയിൽ ? എന്നും വിസ്മയിപ്പിച്ച നാടാണ് കേരളം. പ്രത്യേകിച്ച് കൊച്ചി. പല ബാൻഡുകൾക്കൊപ്പം കൊച്ചിയിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. വലിയ പിന്തുണയാണ് ലഭിച്ചത്. ആ ഊർജം ഇപ്പോഴുമുണ്ട്. ഒറ്റയ്ക്കുള്ള സംഗീതനിശ ആദ്യമാണ്.

• മലയാള സിനിമാ ഗാനങ്ങൾ ? മലയാള പാട്ടുകൾ എന്നും കേൾക്കുന്നൊരാളാണ്. ഇഷ്ടമുള്ള പാട്ടുകൾ ഏറെയുണ്ട്. 14 പാട്ടുകൾ മലയാളത്തിൽ പാടാൻ കഴിഞ്ഞു. ഇതിൽ ഏറ്റവും ഇഷ്ടം രോമാഞ്ചം സിനിമയിലെ 'ഒറ്റമുറി വാക്കു"മായാണ്..

• പുതിയ പ്രൊജക്ടുകൾ സംഗീത ആൽബം ഉടൻ പുറത്തിറങ്ങും. അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടക്കുകയാണ്. പുതിയ മലയാള സിനിമകളൊന്നും ആയിട്ടില്ല. തമിഴ്‌സിനിമകൾ ചിലത് പുറത്തിറങ്ങാനുണ്ട്.

• കേരളത്തിന്റെ മരുമകൻ? ഭാര്യ കല്യാണി മലയാളിയാണ്. ഗായിക. തിരുവനന്തപുരം സ്വദേശിനി. കൊച്ചിയിലെ സംഗീതനിശയിൽ കല്യാണിയും പെർഫോം ചെയ്യുന്നുണ്ട്.

• പാട്ടുകളെല്ലാം ഹിറ്റുകൾ ? തമിഴ്‌നാട്ടിലെ തിരിച്ചിറപ്പള്ളിയാണ് ജന്മനാട്. അട്ടാകത്തി എന്ന തമിഴ്‌സിനിമയിലൂടെയാണ് ആദ്യമായി പിന്നണി ഗായകനാകുന്നത്. ഇതാണ് വഴിത്തിരിവായത്. നല്ലപാട്ടുകൾ പാടാനായതിൽ വലിയ സന്തോഷം.

 ജേർണി ടു നെബുലക്കൽ ഒക്ടോബർ 11ന്

തേവര എസ്.എച്ച് കോളേജിൽ വൈകിട്ട് അഞ്ചിന് സംഗീതനിശയ്ക്ക് തുടക്കമാകും. മ്യൂസിക് ബാൻഡ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്.