ഭൂതത്താൻകെട്ട് പദ്ധതി: ഇന്ന് നിർണായക ചർച്ച

Thursday 18 September 2025 2:24 AM IST
ഭൂതത്താൻകെട്ട്

കോതമംഗലം: ഭൂതത്താൻകെട്ട് മിനി ജലവൈദ്യുത പദ്ധതിയുടെ പൂർത്തീകരണത്തിനായി ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഇടപെടൽ. ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കരാർ കമ്പനിയും കെ.എസ്.ഇ.ബിയും ഇന്ന് ച‌ർച്ച നടത്തുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു. ഈ ചർച്ചയിലെ തീരുമാനത്തിന്റെയും തുടർന്നുണ്ടാകുന്ന ഹൈക്കോടതി ഉത്തരവിന്റെയും അടിസ്ഥാനത്തിൽ പദ്ധതിയുടെ കാര്യത്തിൽ തുടർനടപടി സ്വീകരിക്കും. ആന്റണി ജോൺ എം.എൽ.എ അവതരിപ്പിച്ച സബ് മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.

പദ്ധതിയുടെ പൂർത്തീകരണം അനന്തമായി നീളുന്നതുമൂലം ശരവണ എൻജിനിയറിംഗ് ഭവാനി എന്ന കമ്പനിയെ കരാറിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനെതിരായ ഹർജിയിലാണ് ഹൈക്കോടതി പ്രശ്നപരിഹാരത്തിന് ചർച്ച നടത്താൻ നിർദ്ദേശിച്ചത്.

ചൈനയിൽ നിന്നുള്ള യന്ത്ര സാമഗ്രികൾ പൂർണമായും എത്തിക്കാൻ കഴിയാത്തതാണ് പദ്ധതിയെ അനിശ്ചിതത്വത്തിലാക്കിയത്. ഇന്ന് നടക്കുന്ന ചർച്ചയിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനായാൽ പദ്ധതി പൂർത്തീകരണത്തിന് വേഗത്തിൽ നടപടിയുണ്ടായേക്കും.

വിനയായി കൊവിഡും

സാമ്പത്തിക തർക്കവും

പദ്ധതിക്കായി മൂന്ന് കൺസൈൻമെന്റുകളായാണ് യന്ത്രഭാഗങ്ങൾ കൊണ്ടുവരേണ്ടിയിരുന്നത്. രണ്ടെണ്ണം 2018ൽ എത്തി. കൊവിഡും ലോക്ഡൗണും മൂലം മൂന്നാമത്തെ കൺസൈൻമെന്റ് സമയത്ത് എത്തിയില്ല. പിന്നീട് ചൈനാ കമ്പനിയും ശരവണ കമ്പനിയും തമ്മിൽ സാമ്പത്തിക തർക്കമുണ്ടായി. മറ്റൊരു കമ്പനിയെ കൂടി ഉൾപ്പെടുത്തി കരാറുണ്ടാക്കി യന്ത്രഭാഗങ്ങൾ കൊണ്ടുവരാനുള്ള ശ്രമവും പരാജയപ്പെട്ടു. തുടർന്നാണ് ശരവണ കമ്പനിയെ പുറത്താക്കാനും വീണ്ടും ടെൻഡർ വിളിച്ച് അവശേഷിക്കുന്ന പ്രവൃത്തികൾക്കായി മറ്റൊരു കരാറുകാരനെ കണ്ടെത്താനും കെ.എസ്.ഇ.ബി നടപടി സ്വീകരിച്ചത്. ഇതിനെതിരെയാണ് ശരവണ ഹൈക്കോടതിയെ സമീപിച്ചത്.

24 മെഗാവാട്ട്

24 മെഗാവാട്ട് വൈദ്യുതി ലക്ഷ്യമിട്ടാണ് ഭൂതത്താൻകെട്ട് മിനി ജലവൈദ്യുതി പദ്ധതി ആസുത്രണം ചെയ്തത്. 2018ൽ നിർമ്മാണപ്രവർത്തനങ്ങൾ നിലയ്‌ക്കുകയായിരുന്നു. ജനറേറ്ററുകൾ ഘടിപ്പിക്കുന്നതും അനുബന്ധപ്രവർത്തനങ്ങളുമാണ് അവശേഷിക്കുന്നത്.