സർക്കാരിന് ആശ്വാസം; ആഗോള അയ്യപ്പ സംഗമം നടത്താം, ഇടപെടാനില്ലെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് സുപ്രീം കോടതി. സെപ്തംബർ 20ന് പമ്പാതീരത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം തടയണമെന്ന പൊതുതാത്പര്യ ഹർജിയിൽ ഇടപെടാനില്ലെന്ന് കോടതി അറിയിച്ചു. വിഷയങ്ങൾ ഹൈക്കോടതി വിശദമായി കേൾക്കട്ടെയെന്നും കോടതി നിർദേശിച്ചു.
ഹർജിക്കാരനായ തിരുവനന്തപുരം സ്വദേശി ഡോ. പി എസ് മഹേന്ദ്ര കുമാറിന്റെ അഭിഭാഷകൻ എം എസ് വിഷ്‌ണു ശങ്കർ കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിൽ വിഷയം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മറയാക്കി രാഷ്ട്രീയ ഉദ്ദേശ്യങ്ങളോടെയാണ് പരിപാടി നടത്തുന്നതെന്നാണ് ഹർജിക്കാരുടെ പ്രധാന ആരോപണം. പരിസ്ഥിതി ദുർബല പ്രദേശത്താണ് സംഗമം നടത്തുന്നത്. ഹരിത ട്രൈബ്യൂണൽ അടക്കം നിഷ്‌കർഷിച്ചിട്ടുള്ള നിയന്ത്രണങ്ങൾ സർക്കാർ കണക്കിലെടുത്തിട്ടില്ല. പമ്പാ തീരത്തല്ല, ഏതെങ്കിലും ഓഡിറ്റോറിയത്തിലാണ് ഇത്തരം പരിപാടി നടത്തേണ്ടതെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ആഗോള അയ്യപ്പ സംഗമം നടക്കട്ടെയെന്ന നിലപാടാണ് കേരള ഹൈക്കോടതി സ്വീകരിച്ചിരുന്നത്. തുടർന്നാണ് ഡോ.പി എസ് മഹേന്ദ്ര കുമാർ സുപ്രീം കോടതിയെ സമീപിച്ചത്. വി സി അജികുമാറും ഹർജി സമർപ്പിച്ചിരുന്നു.
അതേസമയം, ആഗോള അയ്യപ്പ സംഗമത്തിലെ പ്രതിനിധികളുടെ എണ്ണം 3500 ആയി ചുരുക്കും. ആദ്യം രജിസ്റ്റർ ചെയ്‌ത 3000പേരെ ഇതിനായി തിരഞ്ഞെടുക്കും. ദേവസ്വം ബോർഡ് 500 പേരെ നേരിട്ട് ക്ഷണിക്കും. അയ്യായിരത്തിലധികം പേരാണ് ഇതുവരെ ഓൺലൈനായി അപേക്ഷ നൽകിയത്. ഇതോടെ രജിസ്‌ട്രേഷൻ നടപടി അവസാനിപ്പിച്ചിരുന്നു.