ശിവഗിരിയിൽ നടന്നകാര്യങ്ങൾ നിർഭാഗ്യകരം, ഹൈക്കോടതി ഉത്തരവ് പ്രകാരം പൊലീസിനെ അയക്കേണ്ടി വന്നുവെന്ന് എ കെ ആന്റണി
തിരുവനന്തപുരം: നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശങ്ങൾക്ക് മറുപടിയുമായി മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. 2004ൽ സംസ്ഥാന രാഷ്‌ട്രീയം വിട്ടതാണെന്നും എന്നാൽ താൻ മുഖ്യമന്ത്രിയായിരുന്ന കാലത്തെ വിഷയങ്ങളിൽ ഏകപക്ഷീയമായ ആക്രമണങ്ങൾ ഉണ്ടായപ്പോൾ എന്തെങ്കിലും മറുപടി നൽകണമെന്ന് തോന്നി എന്ന് പറഞ്ഞാണ് അദ്ദേഹം വാർത്താസമ്മേളനം ആരംഭിച്ചത്.
തന്നെക്കുറിച്ചും തന്റെ രാഷ്‌ട്രീയ പ്രവർത്തനങ്ങളെക്കുറിച്ചും മുഖ്യമന്ത്രിയായി പ്രവർത്തിച്ച കാലത്തെക്കുറിച്ചും ഏകപക്ഷീയമായി നിരവധി ആക്രമണം നടന്നു. ഇലക്ഷന് ശേഷം മറുപടി നൽകണമെന്നാണ് കരുതിയത്. എന്നാൽ ഇപ്പോൾ അത്ര വൈകേണ്ടെന്ന് തോന്നി. എൽഡിഎഫ് തന്റെ ഭരണകാലത്തെക്കുറിച്ച് കാലങ്ങളായി ആരോപിക്കുന്ന ചില കാര്യങ്ങൾ ഇന്നലെയും ആവർത്തിച്ചു.
കുട്ടിക്കാലം മുതൽ താൻ ഏറ്റവും ആദരിച്ചിരുന്നത് ശ്രീനാരായണ ഗുരുദേവനെയാണെന്ന് എ കെ ആന്റണി പറഞ്ഞു. ചേർത്തല ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ രണ്ട് പ്രാവശ്യം ഗുരുദേവ മഹാസമിതി ആചരണ കമ്മിറ്റി സെക്രട്ടറിയായി. ഗുരുസ്വാമിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആദരവോടെയാണ് പ്രവർത്തിച്ചത് . ശിവഗിരിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, കേന്ദ്ര പ്രതിരോധ മന്ത്രി സ്ഥാനത്തിരുന്ന സമയങ്ങളിലെല്ലാം ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്.1995ൽ കേരള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ പൊലീസിനെ തനിക്ക് അയക്കേണ്ടിവന്നു. അവിടെയുണ്ടായ സംഭവങ്ങൾ നിർഭാഗ്യകരമായിരുന്നു. ശിവഗിരിയിൽ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് പൊലീസ് പോയത്. എതിർക്കുന്നവർ അന്ന് പിന്മാറാൻ തയ്യാറായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ശിവഗിരി സംഭവത്തിന് പുറമേ മുത്തങ്ങ, മാറാട് സംഭവങ്ങളിലും അദ്ദേഹം മറുപടി നൽകി. ആദിവാസികൾക്ക് ഏറ്റവും കൂടുതൽ ഭൂമി നൽകിയത് താനാണ്. എന്നിട്ടും ആദിവാസികളെ ചുട്ടുകരിച്ചെന്ന് പഴി കേൾക്കേണ്ടി വന്നു. മുത്തങ്ങ സംഭവത്തിൽ അതിയായ ദുഃഖമുണ്ട്. മുത്തങ്ങ വന്യജീവി സങ്കേതമാണ്. ആദിവാസികൾ അവിടെ കുടിൽ കെട്ടിയപ്പോൾ പാർട്ടികളും മാദ്ധ്യമങ്ങളും അവരെ ഇറക്കിവിടാൻ പറഞ്ഞു. എന്നാൽ പിന്നീട് അവർ നിലപാട് മാറ്റിയെന്നും അദ്ദേഹം വിമർശിച്ചു. കേന്ദ്ര സർക്കാരിന്റെ താക്കീതിന് പിന്നാലെയാണ് താൻ നടപടിയെടുത്തതെന്നും ആന്റണി പറഞ്ഞു.
മാറാട് സംഭവത്തിൽ ദുഃഖമുണ്ടെന്ന് പറഞ്ഞ അദ്ദേഹം ശബരിമലയിൽ സ്‌ത്രീകളെ കയറ്റിയത് ഈ സർക്കാരല്ലേയെന്ന് അയ്യപ്പ സംഗമത്തെ വിമർശിക്കുകയും ചെയ്‌തു.