@ 'നല്ലോണം മീനോണം' വിളവെടുത്തത് 11819 കിലോ ശുദ്ധ മീൻ

Thursday 18 September 2025 12:27 AM IST
നല്ലോണം മീനോണം പദ്ധതിയിൽ ജില്ലയിൽ നടന്ന വിളവെടുപ്പിൽ നിന്നും

കൂടുതൽ വരാൽ

കോഴിക്കോട്: ഓണത്തിന് ജില്ലയിലെ വീടുകളിലെത്തിയത് 11819 കിലോ ശുദ്ധമീൻ. ശുദ്ധമായ മത്സ്യം വിതരണം ചെയ്യുക, മത്സ്യ കർഷകർക്ക് വിപണന സാദ്ധ്യത ഒരുക്കുക എന്നീ ലക്ഷ്യങ്ങളുമായി ഫിഷറീസ് വകുപ്പ് ആരംഭിച്ച 'നല്ലോണം മീനോണം' പദ്ധതി വഴിയാണ് ശുദ്ധമത്സ്യങ്ങൾ ജനങ്ങളിലെത്തിയത്. 67 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ 67 മത്സ്യ കർഷകരുടെ കൃഷിയിടത്തിലെ മത്സ്യം വിളവെടുത്തു. കൂടുതലും വരാൽ മത്സ്യമാണ് . 4480 കിലോ. വരാൽ, വാള, കാർപ്പ് മത്സ്യങ്ങൾ, തിലാപിയ, കരിമീൻ, കാളാഞ്ചി, വനാമി ചെമ്മീൻ തുടങ്ങിയ മത്സ്യങ്ങളും കൃഷി ചെയ്തിരുന്നു. ഫിഷറീസ് അക്വാകൾച്ചർ പ്രൊമോട്ടർ, അക്വാകൾച്ചർ കോ ഓർഡിനേറ്റർമാർ എന്നിവർ മുഖേനയാണ് പദ്ധതി നടപ്പിലാക്കിയത്. ജനകീയ മത്സ്യകൃഷി, പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പാക്കുന്ന മുറ്റത്തൊരു മീൻ തോട്ടം തുടങ്ങിയ പദ്ധതികളിൽ ഉൾപ്പെട്ട കർഷകരുടെ മത്സ്യങ്ങളാണ് വിളവെടുത്തത്. നല്ലോണം മീനോണം പദ്ധതിയിൽ പ്രധാനമായും മലബാർ മേഖലയിലെ മത്സ്യകർഷകരാണ് പങ്കാളികളായത്.

മീൻ................വിളവെടുത്തത്(കിലോ)

വരാൽ...............4480

വാള...................2068

തിലാപിയ..........1930

കരിമീൻ...............1636

കാർപ്പ്...................905

കാളാഞ്ചി.............. 550

വനാമി...................250

ചെമ്മീൻ................. 250

കർഷകർ- 67

ജനകീയ മത്സ്യകൃഷി

മത്സ്യബന്ധന മേഖലയുടെ സുസ്ഥിര വികസനം ലക്ഷ്യമിട്ട് ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി ജില്ലയിൽ സജീവം. പദ്ധതിയിലെ 22 ഘടക പദ്ധതികളിലായി ആറായിരത്തിലധികം മത്സ്യ കർഷകർ ജില്ലയിൽ മത്സ്യകൃഷി നടത്തുന്നുണ്ട്. നഗരമെന്നോ, നാട്ടിൻപുറമെന്നോ ഭേദമില്ലാതെ ഓരോ വർഷവും സ്വയംസംരംഭകരായി മത്സ്യകൃഷിയിലേക്ക് ഇറങ്ങുന്നവരുടെ എണ്ണവും കൂടി. കുളങ്ങളിലെ വനാമി, ചെമ്മീൻ, കരിമീൻ കൃഷി, കൂടുകളിലെ കരിമീൻ-തിലാപ്പിയ കൃഷി, ബയോഫ്ലോക്ക് വനാമി- തിലാപ്പിയ കൃഷി, പടുതയിലെ വരാൽ-വാള മത്സ്യകൃഷി, കാർപ്പ് മത്സ്യകൃഷി എന്നിവയാണ് ജില്ലയിൽ നടത്തുന്ന പ്രധാന പദ്ധതികൾ.

''നല്ലോണം മീനോണം പദ്ധതി ജില്ലയിൽ വിജയകരമായി പൂർത്തീകരിക്കാൻ കഴിഞ്ഞു. പദ്ധതികളുടെ ഓരോ ഇടവേളകളിലും കർഷകർക്ക് വേണ്ട നിർദ്ദേശങ്ങളും മറ്റും നൽകാൻ സാധിച്ചിട്ടുണ്ട്''- അനീഷ് - ഡെപ്യൂട്ടി ‌ഡയറക്ടർ ഫിഷറീസ് വകുപ്പ്.