വന്യജീവി ആക്രമണം: യോഗത്തിൽ കർഷകരോഷം അലയടിച്ചു
കഞ്ചിക്കോട്: വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പുതുശ്ശേരി പഞ്ചായത്ത് ഓഫീസിൽ വിളിച്ച യോഗത്തിൽ കർഷക രോഷം അലയടിച്ചു. പരാതി സ്വീകരിക്കലല്ലാതെ പരിഹാരങ്ങൾ ഉണ്ടാകുന്നില്ലെന്ന പൊതുവികാരമാണ് യോഗത്തിൽ ഉയർന്നത്. കർഷകരുടെ പരാതികൾ റെയ്ഞ്ച് ഓഫീസർ പ്രവീൺ നേരിട്ട് കേട്ട് രേഖയാക്കി. എല്ലാ പരാതികൾക്കും പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കുമെന്ന ഉറപ്പും നൽകി. ആന ശല്യത്തിന് പുറമെ കുരങ്ങ്, പന്നി ശല്യങ്ങളും ചർച്ചാ വിഷയമായി. പുതുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എൻ.പ്രസീത യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.അജീഷ് അദ്ധ്യക്ഷത വഹിച്ചു. ഇങ്ങിനെ യോഗം വിളിച്ചത് കൊണ്ട് കാര്യമില്ലെന്ന് കർഷക കോൺഗ്രസ് ജില്ലാ കമ്മററിയംഗം എസ്.കെ.ജയകാന്തൻ പറഞ്ഞു. വന്യ ജീവി ആക്രമണത്തിൽ കാർഷിക മേഖല തകർന്ന് നിൽക്കുകയാണ്. കർഷകർ കൃഷി ഭൂമി തരിശിട്ടിരിക്കുകയാണ്. നഷ്ട പരിഹാരം ലഭിക്കുന്നില്ല. ജീവൻ തന്നെ അപകടത്തിലായി നിൽക്കുന്ന മനുഷ്യരോട് വീണ്ടും നിങ്ങളുടെ പരാതി എന്താണ് എന്ന് ചോദിക്കുന്നത് അവരെ കളിയാക്കുന്നതിന് തുല്യമാണെന്നും ജയകാന്തൻ പറഞ്ഞു. വനത്തിൽ ഒറ്റ ആന പോലും ഇല്ലെന്നും മുഴുവൻ ആനകളും ജനവാസ മേഖലകളിലാണെന്നും പഞ്ചായത്തംഗം പി.ബി.ഗിരീഷ് പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ആകെ ഒരു ജീപ്പ് ആണുള്ളത്. സഹായത്തിന് വിളിക്കുമ്പോൾ അവർക്ക് ഓടി എത്താനാവുന്നില്ല. ആർ.ആർ.ടി യുടെ സേവനം ലഭ്യമാകുന്നില്ല. പന്നി ശല്യം മൂലം ജീവിക്കാൻ പറ്റാത്ത സ്ഥിതിയാണെന്ന് കർഷകനായ ബഷീർ പറഞ്ഞു. പഞ്ചായത്തും വനം വകുപ്പും ചേർന്ന് വേണ്ട നടപടികൾ സ്വീകരിക്കണം. ജന പ്രതിനിധികളും പഠശേഖര സമിതി ഭാരവാഹികളും ആശങ്ക പങ്ക് വെച്ചു.