സുധാകരൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി

Thursday 18 September 2025 12:03 AM IST

ശ്രീകൃഷ്ണപുരം: വലമ്പിലിമംഗലം മൂർത്തിയേടത്ത് മന സുധാകരൻ നമ്പൂതിരി (59) ഗുരുവായൂർ ക്ഷേത്രം മേൽശാന്തി. ഗുരുവായൂർ ദേവസ്വത്തിൽ നടന്ന നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുത്തത്. ഒക്ടോബർ ഒന്നുമുതൽ ആറു മാസത്തേക്കാണ് ചുമതല.

ചുമതലയേറ്റെടുക്കുന്നതിന് മുന്നോടിയായി നിയുക്ത മേൽശാന്തി 12 ദിവസം ക്ഷേത്രത്തിൽ ഭജനമിരിക്കും. ഈ മാസം 30ന് രാത്രി ചുമതലയേൽക്കും.

ശ്രീകൃഷ്ണപുരം ഹയർസെക്കൻഡറി സ്‌കൂൾ റിട്ട. പ്രിൻസിപ്പൽ ആണ് സുധാകരൻ നമ്പൂതിരി. ശ്രീകൃഷ്ണപുരം വി.ടി.ഭട്ടതിരിപ്പാട് കോളേജ് മാനേജരാണ്. അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ കൃഷ്ണൻ നമ്പൂതിരി 2020ൽ ഗുരുവായൂർ മേൽശാന്തിയായിരുന്നു. കൃഷ്ണൻ നമ്പൂതിരിയിൽ നിന്നാണ് സുധാകരൻ നമ്പൂതിരി താന്ത്രിക വിദ്യയും പൂജയും പഠിച്ചത്.

അച്ഛൻ: മൂർത്തിയേടം ശങ്കരനാരായണൻ നമ്പൂതിരി. അമ്മ: കൂനത്തറ തിയ്യന്നൂർമന ഉമാദേവി അന്തർജനം. അമ്മയുടെ വീടായ തിയ്യന്നൂർ മന പ്രസിദ്ധ തന്ത്രിവര്യൻമാരുടെ കുടുംബമാണ്. ഭാര്യ: ഷാജിനി. മക്കൾ: സുമനേഷ്, നിഖിലേഷ്.