ശരീരസൗന്ദര്യ മത്സരം ആദിവാസി യുവാവിനെ സംരംഭകനാക്കി
കൊച്ചി: ശരീരസൗന്ദര്യ മത്സരങ്ങളിൽ ചാമ്പ്യനായ ആദിവാസി യുവാവിനെ പട്ടികവർഗ വികസന വകുപ്പും കൊച്ചി കോർപ്പറേഷനും ചേർന്ന് ജിം ഉടമയാക്കി. ഇതോടെ മുണ്ടക്കയം സ്വദേശി ജിബിൻ ബാബു (24) സർക്കാർ സഹായത്തോടെ ജിംനേഷ്യം സ്ഥാപിച്ച കേരളത്തിലെ ആദ്യ പട്ടികവർഗക്കാരനുമായി.
കൊച്ചി കോർപ്പറേഷന്റെ പട്ടികവർഗ ഉപപദ്ധതിയിലൂടെ 3.75 ലക്ഷം രൂപയും 'പ്രതിഭാ പിന്തുണ" പദ്ധതിയിൽ നിന്ന് ഒന്നര ലക്ഷം രൂപയും അനുവദിച്ചതോടെയാണ് ജിബിന്റെ ജിംനേഷ്യം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയത്. പേര് 'ഒക്ടേൻ ഫിറ്റ്നസ്" ജിം. പട്ടികവർഗ വികസന വകുപ്പിന്റെ കോർപ്പസ് ഫണ്ടിൽ നിന്നാണ് പണം ലഭ്യമാക്കിയത്.
എറണാകുളം മഹാരാജാസ് കോളേജിൽ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിയായിരുന്നപ്പോഴാണ് ജിബിൻ ബോഡി ബിൽഡിംഗിൽ ആകൃഷ്ടനായത്. 2021ൽ സംസ്ഥാന പവർലിഫ്ടിംഗിൽ വെള്ളി നേടി. അതേവർഷം മിസ്റ്റർ എറണാകുളവുമായി. 2022ൽ എം.ജി. സർവകലാശാലാ ശരീരസൗന്ദര്യ മത്സരത്തിൽ സ്വർണവും 2023ൽ വെള്ളിയും നേടി. ദേശീയ ചാമ്പ്യൻഷിപ്പിലും പങ്കെടുത്തു.
രണ്ട് ശിഷ്യന്മാർ മിസ്റ്റർ എറണാകുളം
എറണാകുളത്ത് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസറായിരുന്ന ആർ. അനൂപാണ് ജിബിന് ജിം തുടങ്ങാൻ പിന്തുണ നൽകിയത്. എറണാകുളം തൈക്കൂടത്ത് അനുയോജ്യമായ സ്ഥലവും കണ്ടെത്തി. കഴിഞ്ഞവർഷമാണ് ജിം തുടങ്ങിയത്. ഇതുവരെ 500 ലേറെ പേർ പരിശീലനം നേടി. ഇപ്പോൾ തേവരയിലും ജിം തുടങ്ങി. മിസ്റ്റർ എറണാകുളം മത്സരത്തിൽ ഈ വർഷം രണ്ട് ശിഷ്യരെ ചാമ്പ്യന്മാരുമാക്കി. പിതാവ് മാമ്മൂട്ടിൽ എം.കെ. ബാബു തുറമുഖ ട്രസ്റ്റിലെ ജീവനക്കാരനായതിനാൽ ജിബിന്റെ കുടുംബം വില്ലിംഗ്ടൺ ഐലൻഡിലാണ് താമസം.
സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരെ ഈ രംഗത്തേക്ക് കൈപിടിച്ചുയർത്തണം. ശരീര സൗന്ദര്യമത്സരത്തിൽ കൂടുതൽ താരങ്ങളെ സൃഷ്ടിക്കുകയാണ് ലക്ഷ്യം.
-ജിബിൻ ബാബു.
ആദിവാസി യുവതീയുവാക്കൾ പുതിയ സംരംഭങ്ങൾ തുടങ്ങാൻ തയ്യാറാണെങ്കിൽ സഹായിക്കാൻ സർക്കാരിന് പദ്ധതിയും ആവശ്യത്തിന് പണവുമുണ്ട്.
-ആർ. അനൂപ്
ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ