കേരളത്തിലിപ്പോൾ റിവേഴ്സ് മൈഗ്രേഷൻ: മന്ത്രി രാജീവ്
തിരുവനന്തപുരം: വിദേശത്തടക്കമുള്ള മലയാളി പ്രൊഫഷണലുകൾ മടങ്ങിയെത്തുന്ന റിവേഴ്സ് മൈഗ്രേഷനാണ് കേരളത്തിൽ നടക്കുന്നതെന്ന് മന്ത്രി പി. രാജീവ് നിയമസഭയിൽ പറഞ്ഞു. പ്രൊഫഷണലുകളുടെ നെറ്റ്‌വർക്കിംഗ് സംവിധാനമായ ലിങ്ക്ഡ് ഇൻ റിപ്പോർട്ട് പ്രകാരം ടാലന്റ് പൂളിൽ കേരളം ഒമ്പതാമതാണെങ്കിലും വളർച്ചാനിരക്കിൽ 172 ശതമാനവുമായി സംസ്ഥാനം ഒന്നാമതാണ്.
ഈ സാമ്പത്തിക വർഷം 40,000 പ്രൊഫഷണലുകൾ കേരളത്തിൽ തിരിച്ചെത്തി. ഇങ്ങനെ മടങ്ങിയെത്തുവന്നവർക്ക് താത്പര്യമുള്ള വ്യവസായ സംരംഭങ്ങൾ തുടങ്ങാം. ഇത് ലിങ്ക്ഡ് ഇന്നിൽ രജിസ്റ്റർ ചെയ്തവരുടെ കണക്കാണെന്നും മറ്റുള്ള കണക്ക് കൂടി ചേർക്കുമ്പോൾ യാഥാർത്ഥ്യം മറ്റൊന്നായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായുള്ള ഗിഫ്റ്റ് സിറ്റി തത്കാലം നടപ്പാക്കേണ്ടെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. കേരളം സ്ഥലമേറ്റെടുക്കലടക്കം നടത്തി. എന്നാൽ ഗുജറാത്തിൽ ഗിഫ്റ്റ് സിറ്റി എന്ന പദ്ധതിയുള്ളതിനാൽ പേര് മാറ്റാൻ നിർദ്ദേശിച്ചു. അതുപ്രകാരം ഗ്ലോബൽ സിറ്റി എന്നാക്കി. എന്നാൽ ഗുജറാത്തിലെ പദ്ധതി പൂർത്തിയാകും വരെ മറ്റൊന്നും വേണ്ടെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. പദ്ധതി പുതിയ രീതിയിൽ നടപ്പാക്കുന്നതിനെ കുറിച്ച് സംസ്ഥാനം ആലോചിക്കുന്നുണ്ട്. ഗവേഷണം, നൂതന സാങ്കേതിക വിദ്യ തുടങ്ങിയ മേഖലയിൽ ഇന്ത്യയിലെ കാലിഫോർണിയയാകുന്ന തരത്തിൽ ഗ്ലോബൽ സിറ്റി പദ്ധതിയെ വികസിപ്പിക്കാനാണ് ആലോചിക്കുന്നത്.
24 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാണ്. മറ്റുള്ളവ ലാഭത്തിന്റെ പാതയിലാണ്. കെൽട്രോൺ 1250 കോടിയുടെ വിറ്റുവരവ് നേടി. ഇൻവെസ്റ്റ് കേരള ഗ്ലോബൽ മീറ്റിലൂടെ താത്പര്യപത്രം ലഭിച്ച 35,000 കോടിയുടെ നിർമ്മാണം തുടങ്ങാനായെന്നും മന്ത്രി പറഞ്ഞു.