ക്രിമിനൽ കേസുള്ളവർക്ക് കേരള യൂണി.യിൽ ബിരുദ പ്രവേശനമില്ല

Thursday 18 September 2025 1:21 AM IST

തിരുവനന്തപുരം: ഒഴിവുള്ള ബിരുദ കോഴ്സുകളിൽ സ്പോട്ട് അഡ്‌മിഷൻ നടത്തുമ്പോൾ ക്രിമിനൽ കേസുകളിൽപ്പെട്ടവർക്ക് പ്രവേശനം നൽകരുതെന്ന് കോളേജ് പ്രിൻസിപ്പൽമാർക്ക് കേരള സർവകലാശാല നിർദ്ദേശം നൽകി. വിസി ഡോ. മോഹനൻ കുന്നുമ്മേലിന്റെ അധ്യക്ഷതയിൽ ചേർന്ന സിൻഡിക്കേറ്റ് ഉപസമിതിയാണ് തീരുമാനമെടുത്തത്.

മുൻപ് പഠനം ഉപേക്ഷിച്ചവർ വിദ്യാർത്ഥി സംഘടനാ പ്രവർത്തനം ലക്ഷ്യമിട്ട് കോളേജുകളിൽ പുനഃപ്രവേശനം നേടുന്ന സാഹചര്യത്തിലാണിത്. പെൺകുട്ടികളെ ആക്രമിക്കുക, കോളേജ് വസ്തുവകകൾ നശിപ്പിക്കുക എന്നിവയുടെ പേരിൽ നിരവധി വിദ്യാർത്ഥികൾ ക്രിമിനൽ കേസുകളിൽപ്പെടാറുണ്ട്. യുജിസി റഗുലേഷൻ പ്രകാരം കോളേജ് പ്രവേശനത്തിനുള്ള പ്രായപരിധി പിൻവലിച്ചതോടെ ആർക്കും എപ്പോൾ വേണമെങ്കിലും കോളേജുകളിൽ ചേരാനാവും.

പ്രവേശനം നേടുന്നവർ, മുൻപ് അവരെ പരീക്ഷകളിൽ ഡീബാർ ചെയ്തിട്ടില്ലെന്നും, ക്രിമിനൽ കേസുകളിൽ പ്രതികളല്ലെന്നുമുള്ള സത്യവാങ്മൂലം നൽകണമെന്നാണ് നിർദ്ദേശം. തെറ്റായ വിവരങ്ങളാണ് നൽകുന്നതെങ്കിൽ പ്രവേശനം റദ്ദാക്കുന്നതിൽ കോളേജ് കൗൺസിലിന് അന്തിമ തീരുമാനമെടുക്കാം. വിദ്യാർഥികൾക്ക് പരാതിയുണ്ടെങ്കിൽ യൂണിവേഴ്സിറ്റിയെ സമീപിക്കാം. പല കോളേജുകളിലും കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് മുൻപ് പഠനം ഉപേക്ഷിച്ച മുതിർന്ന വിദ്യാർത്ഥികൾ പുനഃ പ്രവേശനം നേടുന്നത്.അടുത്തിടെ കാര്യവട്ടം ഗവ. കോളേജിൽ മൊബൈലിലൂടെ കോപ്പിയടിച്ചതിന് മൂന്ന് വർഷത്തേക്ക് പരീക്ഷ എഴുതുന്നതിൽ വിലക്ക് ഏർപ്പെടുത്തിയ വിദ്യാർത്ഥി നേതാവ്, മറ്റൊരു വിഷയം ഐശ്ചികമായെടുത്ത് പുന:പ്രവേശനം നേടിയത് യൂണിവേഴ്സിറ്റി റദ്ദാക്കിയിരുന്നു.