ട്രാക്ക് തെറ്റി ലോക്കോ പൈലറ്റ് നിയമനം, പ്രതിസന്ധിയിലാണ്ട് ദക്ഷിണ റെയിൽവേ

Thursday 18 September 2025 1:19 AM IST

കോഴിക്കോട്: ആവശ്യത്തിന് ട്രെയിനുള്ളപ്പോഴും വേണ്ടത്ര ലോക്കോ പൈലറ്റുമാരില്ലാത്തത് കേരളമുൾപ്പെടുന്ന ദക്ഷിണ റെയിൽവേക്ക് പ്രതിസന്ധിയാകുന്നു. വന്ദേഭാരതടക്കമുള്ള ന്യൂതന സൗകര്യങ്ങളുള്ള ട്രെയിനുകൾ എത്തിയതോടെ ദക്ഷിണ റെയിൽവേയുടെ വരുമാനം ഗണ്യമായി വർദ്ധിച്ചിരുന്നു.

2024-ൽ 18,000 ലോക്കോ പൈലറ്റുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. ഇതിന്റെ രണ്ടു ഘട്ടം പരീക്ഷയും നടത്തി. 2016 മുതൽ രാജ്യത്ത് ലോക്കോ പൈലറ്റ് നിയമനംനടക്കുന്നില്ല. ഓരോ വർഷവും ശരാശരി 3500 ലോക്കോ പൈലറ്റുമാരാണ് വിരമിക്കുന്നത്. അമിതഭാരം കാരണം ലോക്കോ പൈലറ്റുമാർ സമരത്തിനിറങ്ങേണ്ട അവസ്ഥയിലാണ്. അസിസ്റ്റന്റ് ലോക്കോ പൈലറ്റ്‌യായി (എൽ.പി) നിയമനം ലഭിക്കുന്നവരെ വർഷത്തെ ട്രെയിനിംഗ് ശേഷമേ ലോക്കോ പൈലറ്റാക്കൂ. ഗുഡ്സ് ട്രെയിനുകളിലാകും ആദ്യം നിയമിക്കുക. കഴിവ് തെളിയിച്ചാലേ പാസഞ്ചർ ട്രെയിനുകളിലേക്ക് പരിഗണിക്കൂ.

 വിരമിച്ചവർക്ക് വീണ്ടും നിയമനം

വിരമിച്ച ലോക്കോ പൈലറ്റുമാരെ വീണ്ടും റെയിൽവേ നിയമിക്കുന്നുണ്ട്. പ്രായം അറുപതു കഴിഞ്ഞ ഇവരെക്കൊണ്ട് ദീർഘദൂര സർവീസുകൾ നടത്തുന്നുണ്ടെന്നും പരാതിയുണ്ട്. എന്നാൽ വിരമിച്ചവരെ ലോക്കോ പൈലറ്റുമാരാക്കുന്നില്ലെന്നാണ് റെയിൽവേയുടെ വിശദീകരണം. കമ്പാർട്ടുമെന്റുകൾ കൂട്ടിച്ചേർക്കൽ, എൻജിൻ ഘടിപ്പിക്കൽ, മാറ്റി സ്ഥാപിക്കൽ, കോച്ചുകൾ വേർപെടുത്തൽ, കോച്ചുകൾ പിറ്റ്‌ലൈനിലേക്ക് മാറ്റൽ തുടങ്ങിയ ജോലികളിലാണ് നിയമനം. 10 ശതമാനം താത്കാലിക നിയമനം മാത്രമാണ് നടത്താറുള്ളതെന്നും റെയിൽവേ പറയുന്നു.