ഡേറ്റിംഗ് ആപ്പിൽ വീണാൽ പോയി, ഇരയാകുന്നവരിൽ കുട്ടികളും

Thursday 18 September 2025 12:13 AM IST

തിരുവനന്തപുരം: തുടക്കം ഒരു ഹായിൽ. പിന്നെ നിരന്തരം ചാറ്റുചെയ്ത് സൗഹൃദമുറപ്പിക്കും. പഠന പ്രശ്നം, കുടുംബപ്രശ്നം, ജോലിസമ്മർദ്ദം... എന്തുണ്ടെങ്കിലും ക്ഷമയോടെ കേട്ട് സമാധാനിപ്പിക്കും. പതിയെ ടോൺ മാറും. ലൈംഗിക വിഷയത്തിലേക്ക് കടക്കും. വീഴുന്നവരെ കുടുക്കി പീഡിപ്പിക്കും. അല്ലെങ്കിൽ ബ്ളാക്ക്‌മെയിൽ ചെയ്ത് പണം തട്ടും. ഡേറ്റിംഗ് ആപ്പുകളിൽ കുടുങ്ങുന്നവർ കേരളത്തിലും വർദ്ധിക്കുന്നു.

കാസർകോട് ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട 17കാരനെ എ.ഇ.ഒ അടക്കം 20 പേർ രണ്ടു വർഷം പീഡിപ്പിച്ച സംഭവം പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. പതിനെട്ടുവയസാണ് ഡേറ്റിംഗ് ആപ്പ് ഉപയോഗിക്കാൻ വച്ചിട്ടുള്ള പ്രായപരിധി. എന്നാൽ സ്കൂൾ കുട്ടികൾ വരെ, വയസ് കൂട്ടിക്കാണിച്ച് ഉപയോഗിക്കുന്നു. പ്ലേ സ്റ്റോറിലൂടെ ഡൗൺലോഡ് ചെയ്യാം. പ്രായം,സ്ഥലം,പേര്,വിനോദങ്ങൾ എന്നിവ നൽകി മെയിൽ ഐഡിയും ഫോൺ നമ്പറും ഉപയോഗിച്ചാണ് അക്കൗണ്ട് നിർമ്മിക്കുന്നത്.

സ്ത്രീകളെയാണ് ഇരയാക്കുന്നതെങ്കിൽ നഗ്നവീഡിയോ എടുത്ത്, ഇതുകാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാം. വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കാം. ആൺകുട്ടികളെ പ്രധാനമായും ലഹരി വാഗ്ദാനം ചെയ്താണ് വീഴ്ത്തുന്നത്.

പണം നൽകി മാത്രം ഉപയോഗിക്കാനാവുന്ന എക്സ്ക്ലൂസീവ് കണ്ടന്റുകളും ഡേറ്റിംഗ് ആപ്പുകളിലുണ്ട്. സ്ത്രീകളുടെ നഗ്നവീഡിയോകൾ കാണിച്ച് പണം തട്ടുകയാണ്. ഡീപ്ഫേക്കിന്റെ സഹായത്തോടെയും വീഡിയോകൾ നിർമ്മിക്കുന്നു. കഴിഞ്ഞമാസം ഡേറ്റിംഗ് ആപ്പിലൂടെ വെഞ്ഞാറമൂട് സ്വദേശിക്ക് പണവും സ്വർണവും നഷ്ടമായിരുന്നു. പെൺകുട്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവാവ് ഇയാളെ വലയിലാക്കിയത്. പിന്നീട് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു.

കൊവിഡിൽ വ്യാപകമായി

ബംബിൾ,ടിൻഡർ,ഹിഞ്ച് അടക്കമുള്ള വിദേശആപ്പുകളിലൂടെയാണ് മലയാളികൾ ഇണയെ ഓൺലൈനായി തിരയുന്ന ഡേറ്റിംഗ് സംസ്കാരത്തെക്കുറിച്ച് പരിചിതരായത്. കൊവിഡ് കാലത്ത് ഉപയോഗം വർദ്ധിച്ചു

ഗേ,ലെസ്ബിയൻ ഡേറ്റിംഗ് ആപ്പുകളും വ്യാപകമാണ്. കാസർകോട് 17കാരനെ പ്രതികൾ പരിചയപ്പെട്ടത് ഐഡന്റിറ്റി വെളിപ്പെടുത്താതെ ഉപയോഗിക്കാനാവുന്ന ഗ്രൈൻഡർ എന്ന ആപ്പിലൂടെയാണ്

ശ്രദ്ധിക്കാൻ

1 രക്ഷിതാക്കൾ ഫോണിൽ പാരന്റൽ കൺട്രോളർ ഫീച്ചർ നൽകണം

2 സ്വകാര്യവിവരങ്ങൾ അപരിചിതരുമായി പങ്കുവയ്ക്കരുത്

3 സൈബർഹെല്പ്നമ്പർ: 1930

ഇന്ത്യയിൽ ഡേറ്റിംഗ് ആപ്പുകൾക്ക് പ്രത്യേക നിയമമില്ല. പൊതുവായ ഇന്റർനെറ്റ്,ഡേറ്റാ സംരക്ഷണ നിയമങ്ങളുടെ കീഴിലാണ് വരുന്നത്.സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കാൻ നിയമപരിരക്ഷ ആവശ്യം

അഡ്വ.റെജി വസന്ത്,

സൈബർ വിദഗ്ദ്ധൻ