ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന്റെ നവീകരണം മണ്ഡല, മകരവിളക്കിന് ശേഷം
ചെങ്ങന്നൂർ: റെയിൽവേ സ്റ്റേഷന്റെ നവീകരണ പ്രവർത്തനങ്ങൾ മണ്ഡല, മകരവിളക്ക് ഉത്സവത്തിന് ശേഷം ആരംഭിക്കും. 91.46 കോടി രൂപ ചെലവിൽ റെയിൽവേ സ്റ്റേഷൻ നവീകരിക്കാനാണ് പദ്ധതി. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണം. ജനുവരിയിൽ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. നിലവിലുള്ള പ്രധാന കെട്ടിടം പൊളിച്ചുമാറ്റാനുള്ള ടെൻഡർ നടപടികൾ ഈ മാസം അവസാനത്തോടെ പൂർത്തിയാക്കും. രണ്ട് ഘട്ടങ്ങളായാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുക. ഒന്നാം ഘട്ടംത്തിൽ ടെർമിനൽ കെട്ടിടം നവീകരിക്കുക, എയർ കോൺകോഴ്‌സ്, പാർക്കിംഗ്, ഏരിയ , റെയിൽവേ ഉദ്യോഗസ്ഥർക്കുള്ള ക്വാർട്ടേഴ്‌സ്, അയ്യപ്പഭക്തർക്കായി മൂന്ന് നിലകളുള്ള പിൽഗ്രിം ഷെൽട്ടർ എന്നിവ നിർമിക്കുക, സബ്സ്റ്റേഷൻ, എസ്ടിപി പ്ലാന്റ്, പുതിയ ആർപിഎഫ്, പൊലീസ് സ്റ്റേഷൻ,ലിഫ്റ്റുകൾ, എസ്‌കലേറ്ററുകൾ എന്നിവ സ്ഥാപിക്കുക രണ്ടാം ഘട്ടത്തിൽ വാണിജ്യ കെട്ടിടം,സ്വകാര്യ ബസ് സ്റ്റാൻഡിലേക്കുള്ള മേൽപ്പാലം ,മൾട്ടിലെവൽ കാർ പാർക്കിംഗ്,രണ്ടാം ഘട്ടം പൂർത്തിയാകുമ്പോൾ ആകെ ചെലവ് 200 കോടി രൂപ കവിയുമെന്നാണ് സൂചന. യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് തിരുവനന്തപുരം - നിസാമുദ്ദീൻ (ന്യൂഡൽഹി) എക്‌സ്‌പ്രസിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും അഖിലഭാരത അയ്യപ്പ സേവാസംഘം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഡി. വിജയകുമാറും ചെങ്ങന്നൂർ താലൂക്ക് യൂണിയനും കേന്ദ്ര റെയിൽവേ മന്ത്രിക്ക് നിവേദനം നൽകി.
അയ്യപ്പ സംഗമത്തിൽ പ്രതിനിധികളെ തിരഞ്ഞെടുത്തതിൽ അതൃപ്തി
20ന് പമ്പയിൽ നടക്കുന്ന അയ്യപ്പ സംഗമത്തിൽ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ സേവാസംഘം അതൃപ്തി രേഖപ്പെടുത്തി. വെർച്വൽ ക്യൂവിലൂടെ മൂന്ന് തവണ ദർശനം നടത്തിയവരെ മാത്രം പരിഗണിക്കുന്നത് വിചിത്രമാണ്. ഇത് പുന:പരിശോധിക്കണം. 18 തവണ ശബരിമലയിൽ പോയിട്ടുള്ള ഗുരുസ്വാമിമാരെ എങ്ങനെ ഒഴിവാക്കും. മണ്ഡലകാലം ആരംഭിക്കാൻ ഇനി രണ്ടു മാസം മാത്രം അവശേഷിക്കുമ്പോൾ അയ്യപ്പ ഭക്തൻമാർക്ക് റെയിൽവേ സ്റ്റേഷനിൽ കുടിവെള്ളം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ നിരവധി കാര്യങ്ങൾ ചെയ്യാനുണ്ട്. എല്ല വർഷത്തേയും പോലെ തട്ടിക്കൂട്ട് സംവിധാനങ്ങളാണ് ഒരുക്കുന്നതെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകും.
....................................................
ചെങ്ങന്നൂർ റെയിവേ സ്റ്റേഷൻ അന്തരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി എയർപോർട്ട് മാതൃകയിൽ റെയിൽവേ സ്റ്റേഷൻ പുനർനിർമ്മിക്കുന്നതിനായി പ്രധാനമന്ത്രി കല്ലിട്ട് ഒരു വർഷം പിന്നിട്ടിട്ടും യാതൊരുവിധ നടപടിയും ആയിട്ടില്ല. 350 കോടി രൂപയുടെ പദ്ധതി ആദ്യം പ്രഖ്യാപിച്ചങ്കിലും പിന്നീട് അത് വെട്ടിക്കുറച്ച് 95 കോടിയാക്കി.
അഡ്വ. ഡി. വിജയകുമാർ :
(അയ്യപ്പ സേവാസംഘം ദേശീയ ജനറൽ സെക്രട്ടറി):
......................................................
ഈ വർഷത്തെ തീർത്ഥാടകർക്ക് തടസം വരാതെ നിർമ്മാണ പ്രവർത്തനങ്ങൾ ഡിസംബർ അവസാനമോ ജനുവരി ആദ്യമോ ആരംഭിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.
(കൊടിക്കുന്നിൽ സുരേഷ് എം.പി)