തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ സൃഷ്ടിക്കുന്നു : തുഷാർ വെള്ളാപ്പള്ളി

Thursday 18 September 2025 12:19 AM IST

അടൂർ : കഴിഞ്ഞ കുറച്ചുകാലങ്ങളായി ചില ആളുകൾ പണം കൊടുത്ത് എസ്.എൻ.ഡി.പി യോഗത്തിനെതിരെ തെറ്റിദ്ധാരണപ്പരത്തുന്ന വിധത്തിൽ വാർത്തകൾ സൃഷ്ടിക്കുകയാണെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. അടൂർ യൂണിയൻ നേതൃസംഗമത്തിൽ സംഘടനാവിശദീകരണം നടത്തുകയയായിരുന്നു അദ്ദേഹം.

എന്താണ് യോഗത്തിൽ നടന്നിട്ടുള്ളത് എന്നതും പ്രാതിനിത്യ വോട്ടവകാശം ഉൾപ്പെടെയുള്ള കാര്യങ്ങൾ ശാഖായോഗം നേതാക്കന്മാരുൾപ്പടെയുള്ള നേതാക്കന്മാർ മുഴുവനും മനസിലാക്കിയിരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന തിരിച്ചറിവോട് കൂടിയാണ് ഇങ്ങനെയുള്ള നേതൃസംഗമങ്ങൾ കേരളം മുഴുവൻ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നൂറു വർഷം കഴിയുമ്പോൾ നമ്മുടെ യോഗം നന്നാവും എന്ന് പറഞ്ഞ ഗുരുദേവന്റെ അനുഗ്രഹമുള്ള നാളുകളിലാണ് ഇന്നത്തെ യോഗനേതൃത്വം അധികാരത്തിൽ വരുന്നത്. ശാഖ, യോഗം, യൂണിയൻ എന്നിങ്ങനെയുള്ള ത്രീ ടയർ സംവിധാനത്തിൽ നിന്ന് മൈക്രോയൂണിറ്റ്, കുടുംബയോഗം എന്നിവകൂടി ചേർന്നുള്ള ഫൈവ് ടയർ സംവിധാനത്തിലേക്ക് എസ് എൻ ഡി പി യോഗം വളർന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ലോകത്ത് എവിടെയൊക്കെ ഈഴവനുണ്ടോ അവിടെയൊക്കെ എസ് എൻ ഡി പി യോഗം യൂണിയൻ പ്രവർത്തിക്കുന്ന സാഹചര്യമാണുള്ളതെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.