'കേരള ബാങ്ക് രാജ്യത്തെ മികച്ച ബാങ്കിംഗ് സ്ഥാപനമായി'

Thursday 18 September 2025 1:22 AM IST

തിരുവനന്തപുരം: 1,22,489 കോടി രൂപയുടെ ബിസിനസുമായി കേരള ബാങ്ക് രാജ്യത്തെ മികച്ച ബാങ്കിംഗ് സ്ഥാപനങ്ങളോട് കിടപിടിക്കുന്ന രീതിയിൽ പ്രവർത്തനം വിപുലീകരിച്ചതായി മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ പറഞ്ഞു. രാജ്യത്തെ സംസ്ഥാന സഹകരണ ബാങ്കുകളുടെ ആകെ ബിസിനസിന്റെ 23 ശതമാനവും കേരളബാങ്കിന്റേതാണ്. സംസ്ഥാനത്തെ ആകെ ബാങ്കിംഗ് ബിസിനസിന്റെ 8.50 ശതമാനം കേരള ബാങ്കാണ് കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം പി.എം.എഫ്.എം.ഇ സ്‌കീമിൽ കേരളത്തിൽ അനുവദിച്ച 3000 ചെറുകിടഇടത്തരം വായ്പകളിൽ 292 വായ്പകളിലായി 10 കോടി രൂപ കേരള ബാങ്ക് വിതരണം ചെയ്തു. എൻ.എ.എഫ് 5 സി.ഒ.ബി അവാർഡ് തുടർച്ചയായി മൂന്നുവർഷം ലഭിച്ചു.

കോട്ടയം ആസ്ഥാനമായി പാലക്കാട് ജില്ല ഒഴികെയുള്ള ജില്ലകളിൽ പ്രവർത്തന പരിധിയായി നെല്ല് സംഭരണം പ്രധാനപ്രവർത്തനമായി കേരള പാഡി പ്രോക്യൂർമെന്റ് പ്രോസസ്സിംഗ് ആൻഡ് മാർക്കറ്റിംഗ് സഹകരണ സംഘം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സംഘത്തിന്റെ നേതൃത്വത്തിൽ ആധുനിക റൈസ്‌മിൽ പദ്ധതിയുടെ നിർമ്മാണം ദ്രുതഗതിയിൽ നടന്നുവരുന്നതായും കെ.എൻ. ഉണ്ണിക്കൃഷ്ണൻ, എം. വിജിൻ, ഡോ. സുജിത് വിജയൻപിള്ള, ഒ.എസ്. അംബിക എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു.