എസ്.എൻ.ഡി.പി യോഗത്തിന്റെ കരുത്ത് വിളിച്ചറിയിച്ച് മഹാസംഗമം
തിരുവല്ല : എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രവർത്തനങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് ശക്തമായി മുന്നേറാനായി തിരുവല്ല, കോഴഞ്ചേരി യൂണിയനുകളിലെ കുടുംബയൂണിറ്റ് തലം മുതൽ ആയിരങ്ങൾ പങ്കെടുത്ത നേതൃത്വ സംഗമം സംഘടനയുടെ കരുത്ത് വിളിച്ചറിയിക്കുന്നതായി. കുമ്പനാട് ലോയൽ കൺവെൻഷൻ സെന്ററിൽ നടന്ന ജില്ലയിലെ ആദ്യ ശാഖാനേതൃത്വസംഗമം ഭാരവാഹികളുടെ ബാഹുല്യത്താൽ മഹാസംഗമമായി മാറി. രണ്ടായിരത്തിലേറെ ഭാരവാഹികളാണ് ഇരു യൂണിയനുകളിൽ നിന്നായി ഒഴുകിയെത്തിയത്. ശാഖ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, യൂണിയൻ കമ്മിറ്റി, മാനേജ്‌മെന്റ് കമ്മിറ്റി, വനിതാസംഘം, യൂത്ത്മൂവ്മെന്റ്, വൈദികസമിതി, മൈക്രോ ഫിനാൻസ്, കുടുംബയൂണിറ്റ് എന്നിവയുടെ ഭാരവാഹികൾ ഉൾപ്പെടുന്നതായിരുന്നു സദസ്.
എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും അമരത്ത് മൂന്ന് പതിറ്റാണ്ടായി ശോഭിക്കുന്ന വെള്ളാപ്പള്ളി നടേശന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഡോക്യൂമെന്ററി പ്രദർശിപ്പിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മഹാസംഗമത്തിന് ഭദ്രദീപം പ്രകാശനം നടത്തി. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശം നൽകി. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. തിരുവല്ല യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി സ്വാഗതവും കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു നന്ദിയും പറഞ്ഞു. യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്.വിജയൻ, കോഴഞ്ചേരി യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാട്ടിൽ എന്നിവർ പ്രസംഗിച്ചു. തിരുവല്ല - കോഴഞ്ചേരി യൂണിയനുകളുടെ പരിധിയിലുള്ള ശാഖാ നേതൃത്വ സംഗമത്തിലെ നിറഞ്ഞു കവിഞ്ഞ സദസ് അക്ഷരാർത്ഥത്തിൽ മറ്റൊരു ശക്തി പ്രകടനമായി മാറി. നിയുക്ത യോഗം ഡയറക്ടർ ബോർഡംഗം രാകേഷ്.പി.ആർ, യൂണിയൻ കൗൺസിൽ അംഗങ്ങളായ രാജൻ കുഴിക്കാല, സുഗതൻ പൂവത്തൂർ, പ്രേംകുമാർ, സിനു എസ്.പണിക്കർ, വനിതാസംഘം പ്രസിഡന്റ് വിനിതാ അനിൽ, സെക്രട്ടറി ബാംബി രവീന്ദ്രൻ, വൈദികയോഗം ചെയർമാൻ പ്രേംനാഥ് ശാന്തി, കൺവീനർ സദാനന്ദൻ ശാന്തി, യൂത്ത്മൂവ്മെന്റ് രക്ഷാധികാരി സോജൻ സോമൻ, യൂത്ത് മൂവ്മെൻ്റ് യൂണിയൻ പ്രസിഡന്റ് അരുൺദാസ്, സെക്രട്ടറി അഖിൽ ചെറുകോൽ, സൈബർസേനാ യൂണിയൻ ചെയർമാൻ ജൂതിൻകുമാർ, യൂണിയൻ കൗൺസിലർ അഡ്വ.സോണി പി.ഭാസ്കർ എന്നിവരും തിരുവല്ല യൂണിയനിലെ മേഖല ചെയർമാൻ സന്തോഷ് ഐക്കരപ്പറമ്പിൽ, കൺവീനർ അഡ്വ.അനീഷ്.വി.എസ്, യൂത്ത്മൂവ്മെന്റ് യൂണിയൻ കൺവീനർ അനീഷ് ആനന്ദ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുമ സജികുമാർ, സെക്രട്ടറി മണിയമ്മ സോമശേഖരൻ, വൈസ് പ്രസിഡന്റ് പ്രീത ബെനി, ട്രഷറർ കവിതാ സുരേന്ദ്രൻ, സ്വാഗതസംഘം വൈസ് ചെയർമാന്മാരായ ജയൻ.സി.വി, സജി എ.ടി, രാജേഷ് ശശിധരൻ, സുധീഷ്.ഡി, ടി.സി.സോമൻ, സുബാഷ് എം.ആർ, എം.ജി.വിശ്വംഭരൻ, രാജേന്ദ്രൻ.എസ്, അഡ്വ.പി.ഡി.ജയൻ, ജോ.കൺവീനർമാരായ ഷാജി.സി.എൻ, രാജേഷ് എ.ആർ, ഡി.സുനിൽകുമാർ, ബിജു തരംഗിണി, ശിവൻ എം.കെ, വൈദികയോഗം കേന്ദ്രസമിതി സെക്രട്ടറി ഷാജി ശാന്തി, യൂണിയൻ കൺവീനർ സുജിത്ത് ശാന്തി, എംപ്ലോയീസ് ഫോറം കൺവീനർ ഷാൻരമേശ് ഗോപൻ, യൂണിയൻ ചെയർമാൻ സനോജ് കളത്തുങ്കമുറിയിൽ, കൺവീനർ ബിബിൻ ബിനു എന്നിവർ നേതൃത്വം നൽകി.