എസ്.എൻ.ഡി.പി യോഗത്തെ തകർക്കാൻ അനുവദിക്കരുത് : തുഷാർ വെള്ളാപ്പള്ളി
കുമ്പനാട് : എസ്.എൻ.ഡി.പി യോഗത്തെ തകർക്കാൻ അനുവദിക്കാതെ സാമുദായികമായി നമ്മൾ ഒന്നിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി യോഗം തിരുവല്ല, കോഴഞ്ചേരി യൂണിയൻ ശാഖാ നേതൃത്വസംഗമത്തിൽ സംഘടനാ വിശദീകരണം നടത്തുകയായിരുന്നു അദ്ദേഹം.
മുപ്പത് വർഷക്കാലമായി ആയിരക്കണക്കിന് കേസുകൾ നൽകി. ചെറിയ കോടതി മുതൽ സുപ്രീംകോടതി വരെ കേസ് പോയി. വിവിധ ഏജൻസികൾ അന്വേഷിച്ചു. ഏതെങ്കിലും കോടതിയോ ഏജൻസിയോ എസ്.എൻ ട്രസ്റ്റിനോ എസ്.എൻ.ഡി.പി യോഗത്തിനോ എതിരെ ആരും പറഞ്ഞില്ല. മൈക്രോ ഫിനാൻസിൽ നിന്ന് പണം മോഷ്ടിച്ച മാന്യൻമാർ മറ്റ് പണിയൊന്നുമില്ലാതെ നടക്കുകയാണിപ്പോൾ. എസ്.എൻ.ഡി.പി യോഗത്തെ തകർക്കാൻ ശ്രമിക്കുന്ന പലരും ഇതിന് പിന്നിലുണ്ട്. ഈ അനീതിയ്ക്കെതിരെ സമുദായമായി നാം ഒറ്റയ്ക്ക് നിൽക്കണം. കേരളം കണ്ട ഏറ്റവും വലിയ സാമൂഹിക പരിഷ്കർത്താവ് ആണ് ഗുരുദേവൻ. ഗുരുദേവൻ പറഞ്ഞ മൂന്ന് ഉപദേശങ്ങൾ സംഘടന , വിദ്യാഭ്യാസം , വ്യവസായം എന്നിവയ്ക്ക് ഊന്നൽ നൽകി മുന്നോട്ട് പോകണം.
വീടുണ്ടാക്കിയതും കഴിക്കുന്ന ഭക്ഷണം പോലും എസ്.എൻ.ഡി.പി യോഗത്തിൽ നിന്ന് മോഷ്ടിച്ചതാണെന്ന ആരോപണം വന്നിരുന്നു. പിന്നീട് എല്ലാം കള്ളമാണെന്ന് തെളിഞ്ഞു. നീർജീവമാക്കാൻ ശ്രമിച്ചപ്പോഴെല്ലാം ഉയർന്ന് വന്ന സംഘടനയാണ് എസ്.എൻ.ഡി.പി യോഗം. അതിനായി ജനറൽ സെക്രട്ടറി ജാതി പറയുന്നുവെന്ന് നിരവധി ആരോപണങ്ങൾ ഉയർന്നുവന്നു. യോഗത്തെ തകർക്കാൻ കഴിയില്ലെന്ന് വന്നപ്പോൾ പുതിയ അടവുകളുമായി എത്തുകയാണ് പലരും. എസ്.എൻ.ഡി.പി യോഗത്തിന്റെ തിരഞ്ഞെടുപ്പ് ഏറ്റവും ഭംഗിയായി നടത്താൻ എല്ലാവരും ഒരു പോലെ പ്രവർത്തിക്കണം. അതിനെതിരെ പലരും എതിർപ്പുമായി രംഗത്ത് വരുന്നുണ്ട്. ഇവയെല്ലാം സാമുദായികമായി ഒരുമിച്ച് ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു.