ഓടയിൽ കാൽ കുടുങ്ങി, വിദ്യാർത്ഥിനിക്ക് പരിക്ക്
കൊല്ലം: സ്കൂളിലേക്ക് പോകവെ ദേശീയപാതയോരത്തെ ഓടയിൽ കാൽ കുടുങ്ങി പ്ളസ് വൺ വിദ്യാർത്ഥിനിക്ക് പരിക്ക്. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി രുദ്ര ഷിബുവിനാണ് (16) പരിക്കേറ്റത്. ഇന്നലെ രാവിലെ 9ന് കൊട്ടാരക്കര കോളേജ് ജംഗ്ഷനിലാണ് സംഭവം. കൊല്ലം- തിരുമംഗലം ദേശീയപാതയിൽ നിന്ന് എസ്.ജി കോളേജ് റോഡിലേക്ക് കടക്കുന്ന ഭാഗത്ത് റോഡിന് കുറുകെ ഓടയുണ്ട്. ഇതിന് ഇരുമ്പ് പൈപ്പുകൾ കൊണ്ടാണ് മൂടി സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ ചവിട്ടി നടക്കവെയാണ് ഒരു കാൽ കുടുങ്ങിയത്. പൈപ്പുകൾക്കിടയിലൂടെ കാൽ താഴേക്കിറങ്ങി. തിരികെയെടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കുട്ടി നിലവിളിച്ചതോടെ സമീപത്തെ ഓട്ടോറിക്ഷാ തൊഴിലാളികളും വ്യാപാരികളുമടക്കം ഓടിയെത്തി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചു. പിന്നീട് ഫയർഫോഴ്സ് എത്തി ഇരുമ്പ് പൈപ്പ് മുറിച്ചുമാറ്റിയാണ് കുട്ടിയുടെ കാൽ പുറത്തെടുത്തത്. പരിക്കേറ്റിരുന്നതിനാൽ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമല്ല.
തിരക്കേറിയ വഴിയിലെ കെണി
കൊട്ടാരക്കര എസ്.ജി കോളേജ്, ഹയർ സെക്കൻഡറി സ്കൂൾ, മീൻപിടിപ്പാറ ടൂറിസം പദ്ധതി, നിരവധി വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് പോകാനുള്ള ഏക വഴി
എപ്പോഴും വാഹനങ്ങൾ കടന്നുപോകുന്ന, കുട്ടികളടക്കം നടന്നുപോകുന്ന ഭാഗം
മാസങ്ങൾക്ക് മുമ്പ് ഇരുമ്പ് പൈപ്പ് തകർന്ന് ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ടിരുന്നു
ഇതിന് ശേഷവും തകർന്ന ഇരുമ്പ് പൈപ്പുകൾക്ക് മുകളിലൂടെയാണ് ആളുകൾ യാത്ര ചെയ്തിരുന്നത്
ഇവിടെയാണ് അപകടമുണ്ടായത്
കൊല്ലം- തിരുമംഗലം ദേശീയപാതയുടെ ഭാഗമാണ് ഓടയും മൂടിയും