യൂസഫ് കുഞ്ഞ് ഇപ്പോഴും കാണാമറയത്ത്
തൊടിയൂർ: കാരൂർക്കടവ് പാലത്തിൽ നിന്ന് പള്ളിക്കലാറ്റിലേക്ക് ചാടിയതായി സംശയിക്കപ്പെട്ട വൃദ്ധനെ സംബന്ധിച്ച് യാതൊരു വിവരവുമില്ല. ലോട്ടറി ടിക്കറ്റ് വില്പനക്കാരനായ മൈനാഗപ്പള്ളി ഇടവനശേരി പൂവമ്പള്ളിൽ യൂസഫ് കുഞ്ഞാണ് (67) കഴിഞ്ഞ 29ന് പുലർച്ചെ പള്ളിക്കലാറ്റിൽ ചാടിയതായി സംശയിക്കുന്നത്. ഇദ്ദേഹത്തിന്റെ സൈക്കിളും ആധാർ കാർഡും പാലത്തിൽ കണ്ടതാണ് സംശയത്തിനിടയാക്കിയത്. വിവരം അറിഞ്ഞ് കരുനാഗപ്പള്ളിയിൽ നിന്ന് ഫയർഫോഴ്സും പൊലീസും എത്തിയതിന് പിന്നാലെ കൊല്ലത്ത് നിന്ന് സ്കൂബ ടീമും സ്ഥലത്തെത്തി വൈകുവോളം തെരച്ചിൽ നടത്തിയിരുന്നു. രണ്ടാം ദിവസവും തെരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനായില്ല. ഇതോടെ യൂസഫ് കുഞ്ഞ് ആറ്റിൽ ചാടിയില്ലെന്ന സംശയവും ബലപ്പെട്ടു. എന്നാൽ ഇദ്ദേഹത്തിന് എന്ത് സംഭവിച്ചുവെന്ന കാര്യത്തിൽ വ്യക്തതയില്ല. കുടുംബവുമായി അകന്ന് കഴിയുന്ന ആളാണ് ഇദ്ദേഹമെന്ന് പരിചയക്കാർ പറയുന്നു.