നാടകാന്തം പാകിസ്ഥാൻ
ദുബായ്: യു.എ.ഇക്കെതിരായ മത്സരത്തിന് തൊട്ടുമുൻപ് ബഹിഷ്കരണ ഭീഷണിയുമായി കളി വൈകിപ്പിച്ച പാകിസ്ഥാൻ നാടകാന്തം ജയത്തോടെ ഏഷ്യാ കപ്പിന്റെ സൂപ്പർ ഫോറിൽ. ഇന്നലെ ഒരു മണിക്കൂറോളം വൈകി ആരംഭിച്ച നിർണായക മത്സരത്തിൽ 41 റൺസിന്റെ ജയം നേടിയാണ് ഗ്രൂപ്പ് എയിൽ നിന്ന് ഇന്ത്യയ്ക്ക് പിന്നാലെ പാകിസ്ഥാൻ സൂപ്പർ ഫോറിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുത്തു. മറുപടിക്കിറങ്ങിയ യു.എ.ഇ 17.4 ഓവറിൽ 105 റൺസിന് ഓൾഔട്ടായി. ഒരുഘട്ടത്തിൽ 85/3 എന്ന നിലയിലായിരുന്ന
യു.എ.ഇക്ക് തുടർന്ന് 20 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ 7 വിക്കറ്റുകളും നഷ്ടമാവുകയായിരുന്നു. രാഹുൽ ചോപ്രയാണ് (35) യു.എ.ഇയുടെ ടോപ് സ്കോറർ. പാകിസ്ഥാനായി ഷഹീൻ അഫ്രീദിയും ഹാരിസ് റൗഫും അബ്രാർ അഹമ്മദും 2 വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ പതർച്ചയോടെ തുടങ്ങിയ പാകിസ്ഥാനെ അർദ്ധ സെഞ്ച്വറിനേടിയ ഫഖർ സമാനും (50), അവസാനം വെടിക്കെട്ട് നടത്തിയ ഷഹീൻ ആഫ്രീദിയും ( 14 പന്തിൽ 29 നോട്ടൗട്ട്) ആണ് ഭേദപ്പെട്ട ടോട്ടലലിൽ എത്തിച്ചത്.
ഓപ്പണർ സയിം അയൂബ് (0) തുടർച്ചയായ മൂന്നാം മത്സരത്തിലും ഡക്കായി. ജുനൈദ് സിദിഖിക്കാണ് വിക്കറ്റ്. ജുനൈദ് ആകെ 4 വിക്കറ്റ് വീഴ്ത്തി.
കളി വൈകിപ്പിച്ച്
പാകിസ്ഥാൻ
പാകിസ്ഥാന്റെ നാടകീയ നീക്കങ്ങൾക്കൊടുവിൽ മത്സരം തുടങ്ങിയത് ഒരു മണിക്കൂർ വൈകി.ഇന്ത്യയുമായുള്ള ഹസ്തദാന വിവാദത്തിന്റെ ബാക്കി പത്രമായിരുന്നു ഇന്നലെ പാകിസ്ഥാന്റെ ബഹിഷ്കരണ ഭീഷണി. ഇന്ത്യയ്ക്കെതിരായ മത്സരത്തിലെ മാച്ച് റഫറിയായ സിംബാബ്വെക്കാരൻ ആൻഡി പൈക്രോഫ്റ്റിനെ മാറ്റണമെന്നാവശ്യപ്പെട്ട് പാകിസ്ഥാൻ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിനുൾപ്പെടെ (ഐ.സി.സി) പരാതി നൽകിയിരുന്നു. എന്നാൽ ഇതിൽ തങ്ങൾക്ക് അനുകൂലമായ തീരുമാനം വരാതിരുന്നതിനാലാണ് ഇന്നലെ പാകിസ്ഥാൻ ബഹിഷ്കരണ ഭീഷണി ഉയർത്തിയതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇന്നലത്തെ പാകിസ്ഥാൻ - യു.എ.ഇ മത്സരത്തിലും പൈക്രോഫ്റ്റ് തന്നെയായിരുന്നു മാച്ച് റഫറി. ഗ്രൗണ്ടിലെത്തേണ്ട സമയമായിട്ടും പാക് ടീം ഹോട്ടലിൽ തന്നെ തുടരുകയായിരുന്നു.ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ പാക് മന്ത്രി കൂടിയായ മൊഹ്സിൻ നഖ്വി ഇടപെട്ടതിനെ തുടർന്നാണ് പാകിസ്ഥാൻ ഇന്നലെ കളിക്കാൻ തയ്യാറായതെന്ന് വാർത്തകളുണ്ടായിരുന്നു.അതേസമയം ടൂർണമെന്റിൽ നിന്ന് പിന്മാറിയാൽ വൻതുക പിഴയടക്കേണ്ടി വരുമെന്നും മാച്ച് റഫറിയെ മാറ്റില്ലെന്നും ഐ.സി.സി നിലപാടെടുത്തതോടെയാണ് പാക് പ്രതിഷേധം അയഞ്ഞതെന്നും അറിയുന്നു. പൈക്രോഫ്റ്റ് പാക് ടീം നായൻകൻ സൽമാൻ അലി ആഗയോടും ടീം മാനേജറോടും ഹസ്തദാന വിവാദത്തിൽ ക്ഷമാപണം നടത്തിയതായി അവകാശപ്പെട്ട് ഇന്നലെ വൈകിട്ട് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രസ്താവന ഇറക്കിയിരുന്നു. ഇന്ന് ശ്രീലങ്ക -അഫ്ഗാനിസ്ഥാൻ ലൈവ്: സോണി ടെൻ ചാനലുകളിലും സോണിലിവിലും ഫാൻകോഡിലും