ഫൈനലിലേക്ക് ഒറ്റയേറ്

Thursday 18 September 2025 4:47 AM IST

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്: പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ നീരജ് ചോപ്രയും സച്ചിൻ യാദവും ഫൈനലിൽ :

ടോക്യോ: ലോക അ‌ത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ ഇന്ത്യൻ പൊൻ പ്രതീകിഷകൾ സജീവമാക്കി നിലവിലെ സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര ഫൈനലിൽ കടന്നു. മറ്റൊരിന്ത്യൻ താരം സച്ചിൻ യാദവും നിലവിലെ ഒളിമ്പിക്സ് ചാമ്പ്യൻ പാകിസ്ഥാന്റെ അർഷദ് നദീമും ഡയമണ്ട് ലീഗ് ചാമ്പ്യൻ ജർമ്മനിയുടെ ജൂലിയൻ വെബ്ബറുമെല്ലാംഫൈനലുറപ്പിച്ചിട്ടുണ്ട്. ഇന്നാണ് ഫൈനൽ.

അതേസമയം ഇന്ത്യയുടെ രോഹിത് യാദവിനും യഷ് സിംഗിനും ഫൈനലുറപ്പിക്കാനായില്ല. ഇന്നലെ യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് എയിൽ മത്സരിക്കാനിറങ്ങിയ നീരജ് ആദ്യശ്രമത്തിൽ തന്നെ 84.85 മീറ്റർ

ദൂരത്തേക്ക് ജാവലിൻ പായിച്ച് ഫൈനലിലേക്ക് ടിക്കറ്റെടുത്തു. 84.50 മീറ്ററായിരുന്നു ഫൈനലിലേക്കുള്ള യോഗ്യതാമാർക്ക്. 2023ലെ ലോകചാമ്പ്യൻഷിപ്പിലും പാരീസ് ഒളിമ്പിക്‌സിലും നീരജ് യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തിൽ തന്നെ ഫൈനൽ ഉറപ്പിച്ചിരുന്നു. 89.53 മീറ്റർ എറിഞ്ഞ് സീസൺ ബെസ്റ്റ് പ്രകടനം പുറത്തെടുത്ത ഗ്രൂപ്പ് ബിയിൽ മത്സരിച്ച ഗ്രനാഡയുടെ ആന്റേഴ്‌സൺ പീറ്റേഴ്‌സണാണ് യോഗ്യതാ റൗണ്ടിൽ ഒന്നാമനായത്. ജൂലിയൻ വെബ്ബർ (87.21 മീറ്റർ), കെനിയയുടെ ജൂലിയസ് യെഗോ(85.96 മീറ്റർ), പോളണ്ടിന്റെ ഡേവിഡ വെഗ്‌നർ (85.67 മീറ്റർ) എന്നിവരാണ് 2 മുതൽ 4 വരെയുള്ള സ്ഥാനങ്ങളിൽ. നീരജ് അഞ്ചാമതാണ്. ഗ്രൂപ്പ് ബിയിൽ മത്സരിച്ച അർഷദ് നദീം അവസാന ശ്രമത്തിലാണ് 85.28 മീറ്റർ എറിഞ്ഞ് യോഗ്യത ഉറപ്പിച്ചത്. 83.67 മീറ്റ‌ർ എറിഞ്ഞ സച്ചിൻ യാദവ് പത്താം സ്ഥാനക്കാരനായാണ് ഫൈനലിൽഎത്തിയത്. ഈ ഗ്രൂപ്പിൽ തന്നെ മത്സരിച്ച രോഹിത് യാദവിന് 77.81 മീറ്ററും യഷിന് 77.51 മീറ്ററുമേ എറിയാനായുള്ളൂ.

അബ്‌ദുള്ള, പ്രവീൺ, അനിമേഷ് പുറത്ത്

പുരുഷൻമാരുടെ ട്രിപ്പിൾജമ്പിൽ മലയാളി താരം അബ്‌ദുള്ള അബൂബക്കറിനും പ്രവീൺ ചിത്രവേലിനും ഫൈനലിലെത്താനായില്ല. യോഗ്യതാ റൗണ്ടിൽ പ്രവീൺ പതിനഞ്ചാമതും അബ്ദുള്ള 24-ാമതുമായി. യോഗ്യതാ റൗണ്ട് ഗ്രൂപ്പ് എയിൽ മത്സരിച്ച അബ്‌ദുള്ള പത്താമതാണ് ഫിനിഷ് ചെയ്തത്. ആദ്യ രണ്ട് ശ്രമങ്ങളും ഫൗളാക്കിയ അബ്‌ദുള്ള മൂന്നാം ശ്രമത്തിൽ 16.33 മീറ്ററാണ് ചാടിയത്. പ്രവീൺ അബ്‌ദുള്ളയെക്കാൾ മികച്ച പ്രകടനം കാഴ്‌ചവച്ചു.അവസാന ശ്രമത്തിൽ 16.74 മീറ്റർ ചാടി ഗ്രൂപ്പ് എയിൽ എട്ടാമത് എത്തി. എന്നാൽ ഫൈനലിലേക്കുള്ള പന്ത്രണ്ട് സ്ഥാനത്തിന് പുറത്തായി.

17.37 മീറ്റർ ചാടി 2023ൽ ദേശീയ റെക്കാഡ് സ്ഥാപിച്ച പ്രവീണിന് ആ മികവ് പുറത്തെടുത്തിരുന്നെങ്കിൽ ഫൈനലിൽ എത്താമായിരുന്നു.

പുരുഷൻമാരുടെ 200 മീറ്ററിൽ ഇന്ത്യയുടെ അനിമേഷ് കുജൂർ സെമി കാണാതെ പുറത്തായി. ഹീറ്റ്‌സ് 3ൽ അവസാനസ്ഥാനക്കാരനായാണ് അനിമേഷ് (20.77 സെക്കൻഡ്) ഫിനിഷ് ചെയ്തത്.

മറ്റിയ മാജിക്ക്

പുരുഷൻമാരുടെ ലോംഗ് ജമ്പിൽ പൊൻചാട്ടവുമായി ചരിത്രമെഴുതി ഇറ്റിലിയുടെ യുവ‌വിസ്‌മയം മറ്റിയ ഫുർലാനി.8.39 മീറ്റർചാടിയാണ് നിലവിലെ ഇന്റോർ ചാമ്പ്യനായ മറ്റിയ ടോക്യോയിൽ സ്വർണമെഴുതിയത്. ലോകഅത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോംഗ്‌ജമ്പിൽ സ്വർണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞതാരവും ആദ്യ ഇറ്റലിക്കാരനുമാണ് ഇരുപതുകാരനായ മറ്റിയ. നാലാം ശ്രമത്തിലാണ് മറ്റിയ സ്വർണമുറപ്പിച്ചത്.

പുരുഷൻമാരുടെ 1500 മീറ്റർ ഫൈനലിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ പൊന്നണിഞ്ഞ് പോർട്ടുഗീസ് താരം ഇസാക്ക് നദീർ (3:34.10)​ സ്വർണം നേടി. ബ്രിട്ടന്റെ ജേക്ക് വൈറ്റ്മാനെ (3:34.12)​ മൈക്രോ സെക്കൻഡിന് മറികടന്നാണ് ഇസാക്ക് ചാമ്പ്യനായത്.

ഹാട്രിക്ക് കാറ്റി

വനിതകളുടെ പോൾവോൾട്ടിൽ തുടർച്ചയായ മൂന്നാം തവണയയും അമേരിക്കൻ താരം കാറ്റി മൂൺ (4.90 മീറ്റർ)​ സ്വർണം നേടി ചരിത്രം കുറിച്ചു.3000 മീറ്റർ സ്റ്റീപ്പിൾ ,​ചേസിൽ കെനിയയുടെ ഫെയിത്ത് ചെറിയൂട്ട് (8:51.59)​ കഴിഞ്ഞ തവണത്തെ വെങ്കലം ഇത്തവണ പൊന്നാക്കി.

ഇന്ന് ഇന്ത്യ

3.53 pm

പുരുഷ ജാവലിൻ ഫൈനൽ

4.28 pm

വനിതാ 800 മീ. ഹീറ്റ്സ് - പൂജ