ചൂയിംഗം തൊണ്ടയിൽ കുടുങ്ങി; എട്ടുവയസുകാരിയുടെ ജീവൻ രക്ഷിച്ച് യുവാക്കൾ, വീഡിയോ

Thursday 18 September 2025 7:15 AM IST

പഴയങ്ങാടി: കണ്ണൂർ പഴയങ്ങാടി പള്ളിക്കരയിൽ ചൂയിംഗം തൊണ്ടയിൽ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവൻ രക്ഷിച്ച് യുവാക്കൾ. ചൊവ്വാഴ്ച വെെകിട്ടാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്. ചൂയിംഗം തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടിയ കുട്ടിയ്ക്ക് യുവാക്കൾ പ്രഥമ ശുശ്രൂഷ നൽകുകയായിരുന്നു. 'കണ്ണൂർ പഴയങ്ങാടി പള്ളിക്കരയിൽ ചൂയിംഗം തൊണ്ടയിൽ കുടുങ്ങിയ കുട്ടിയെ രക്ഷിച്ച് യുവാക്കൾ. നന്ദി'- എന്ന കുറിപ്പോടെയാണ് മന്ത്രി വീഡിയോ പങ്കുവച്ചത്.

റോഡ് സെെഡിൽ വാഹനം നിർത്തി പച്ചക്കറി വണ്ടിയിൽ നിന്ന് സാധനങ്ങൾ വാങ്ങി പരസ്പരം സംസാരിച്ച് നിൽക്കുകയായിരുന്നു യുവാക്കൾ. ഇതേസമയം റോഡിന്റെ മറുവശത്ത് ചെറിയ സെെക്കിളുമായി നിൽക്കുന്ന പെൺകുട്ടി ചൂയിംഗം വായിൽ ഇടുന്നുതും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലുണ്ട്. എന്നാൽ അൽപനേരത്തിനുള്ളിൽ ബുദ്ധിമുട്ട് തോന്നിയ പെൺകുട്ടി യുവാക്കളുടെ അടുത്തേക്ക് സെെക്കിളിൽ സഹായം തേടുകയായിരുന്നു. പെട്ടെന്ന് തന്നെ യുവാക്കളിലൊരാൾ കുട്ടിയ്ക്ക് പ്രഥമ ശുശ്രൂഷ നൽകുകയായിരുന്നു.

വീഡിയോ പ്രചരിച്ചതിന് പിന്നാലെ യുവാക്കളെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തുന്നുണ്ട്. തൊണ്ടയിൽ ചൂയിംഗം കുടുങ്ങിയ സമയത്ത് അടുത്തുണ്ടായിരുന്നവരോട് സഹായം തേടാൻ പെൺകുട്ടിക്ക് തോന്നിയ ബുദ്ധിയേയും മനസാന്നിദ്ധ്യം വിടാതെ വിഷയം കെെകാര്യം ചെയ്ത യുവാവിനെയും ഒരുപോലെ പ്രശംസിക്കുന്നുണ്ട്.

'സ്കൂൾ വിദ്യാഭ്യാസത്തിന്റെ കൂടെ കുറച്ച് മുതിർന്ന കുട്ടികൾക്ക് ഇത്തരം അറിവുകൾ കൂടി പകർന്നു നൽകണം', 'യുവാക്കൾ ഒരു ജീവൻ രക്ഷിച്ചു. നന്ദിയുണ്ട്', 'ഏറെ അഭിമാനം തോന്നിയ നിമിഷം', 'മിടുക്കി അപകടത്തിലാണെന്ന് മനസിലാക്കി പെട്ടെന്ന് തന്നെ വഴിയിൽ കണ്ടവരോട് സഹായം അഭ്യർത്ഥിച്ചു' - ഇങ്ങനെ പോകുന്നു കമന്റുകൾ.