വിവാദങ്ങൾക്കിടെ ശബരിമലയിൽ ദർശനം നടത്തി രാഹുൽ  മാങ്കൂട്ടത്തിൽ

Thursday 18 September 2025 7:58 AM IST

പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പുലർച്ചെ അ‌ഞ്ചിന് നട തുറന്നപ്പോൾ ദർശനം നടത്തുകയായിരുന്നു. പമ്പയിൽ നിന്ന് കെട്ട് നിറച്ചാണ് മല ചവിട്ടിയത്. വിവാദങ്ങൾക്കിടെ കഴിഞ്ഞ ദിവസമാണ് രാഹുൽ ശബരിമലയിൽ എത്തിയത്. രാത്രി 10 മണിയോടെ പമ്പയിൽ എത്തി. നട അടച്ചതിനാൽ ഇന്ന് രാവിലെ ദർശനം നടത്തുകയായിരുന്നു.

ലൈംഗിക ആരോപണത്തെത്തുടർന്നുള്ള വിവാദ കൊടുങ്കാറ്റിനിടെ നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ എത്തിയിരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ സഭയിൽ എത്തിയില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് വിട്ടുനിൽക്കുന്നതെന്നാണ് വിശദീകരണം. രാഹുൽ ഇനി മണ്ഡലത്തിൽ സജീവമാകുമെന്നാണ് വിവരം. അതിന് മുന്നോടിയായാണ് ശബരിമല ദർശനം.

പാർട്ടി നടപടിയെടുത്തതോടെ സഭാസമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് കരുതിയ പ്രതിപക്ഷ നേതാവിനെയും പാർട്ടി നേതൃത്വത്തെയും അമ്പരപ്പിച്ചുകൊണ്ടാണ് രാഹുൽ ആദ്യദിനം സഭയിലെത്തിയത്. സഭയിലെത്തിയതിനുശേഷം നിമിഷങ്ങൾക്കുള്ളിൽ പുറത്തുനിന്നൊരു കുറിപ്പ് ലഭിക്കുകയും രാഹുൽ പുറത്തേക്ക് പോവുകയും ചെയ്തിരുന്നു. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പുറത്തിറങ്ങിയശേഷം തിരിച്ചു കയറിയതിനു പിന്നാലെയാണ് കുറിപ്പ് ലഭിച്ചതും രാഹുൽ സഭ വിട്ടതും. ഇതോടെ രാഹുൽ വന്നതിൽ നേതൃത്വത്തിന് അതൃപ്തി ഉണ്ടെന്ന ധാരണ പരന്നു. എന്നാൽ താൻ ആരെയും ധിക്കരിച്ചതല്ലെന്ന് രാഹുൽ പിന്നീട് സഭാകവാടത്തിൽ വച്ച് മാദ്ധ്യമങ്ങളോട് പറയുകയും ചെയ്തു.