യുഎഇയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട്ടുജോലിക്കാരി ഗുരുതരാവസ്ഥയിൽ; കെട്ടിടം ഭാഗികമായി തകർന്നു

Thursday 18 September 2025 3:07 PM IST

റാസൽഖൈമ: യുഎഇയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട്ടുജോലിക്കാരിക്ക് ഗുരുതര പൊള്ളലേറ്റു. സെപ്‌തംബർ 12ന് റാസൽഖൈമ നഗരത്തിൽ നിന്ന് 96 കിലോമീറ്റർ തെക്ക് മാറി വാദി എസ്‌ഫിതയിലുള്ള ഒരു വീട്ടിലാണ് അപകടമുണ്ടായത്. സ്‌ഫോടനത്തിൽ വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു. ഗുരുതര പരിക്കേറ്റ 40 വയസുള്ള ഏഷ്യക്കാരിയായ വീട്ടുജോലിക്കാരി ചികിത്സയിലാണ്.

തലനാരിഴയ്‌ക്കാണ് താനും കുടുംബവും രക്ഷപ്പെട്ടതെന്ന് വീട്ടുടമ മുഹമ്മദ് അൽ - ലൈലി പറഞ്ഞു. എല്ലാ വെള്ളിയാഴ്‌ചയും മുഹമ്മദ് അൽ-ലൈലിയുടെ പരേതനായ പിതാവിന്റെ വീട്ടിൽ കുടുംബാംഗങ്ങൾ ഒത്തുകൂടാറുണ്ട്. അവിടേക്ക് പോയ സമയമായതിനാൽ കുടുംബം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ഗുരുതരമായി പൊള്ളലേറ്റ ജോലിക്കാരിയെ ആദ്യം ഫുജൈറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ശൈഖ് ഖലീഫ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണവർ.

'സന്ധ്യാസമയത്ത് ഒരു വലിയ ശബ്‌ദം കേട്ടു. ആരോ വാതിൽ അടയ്‌ക്കുന്ന ശബ്‌ദമെന്നാണ് കരുതിയത്. പക്ഷേ, പിന്നീട് ഒരു സ്‌ത്രീ തീ, തീ എന്ന് വിളിക്കുന്നത് കേട്ടു. ഓടിയെത്തി നോക്കിയപ്പോൾ വീട് ഏറെക്കുറേ തകർന്ന നിലയിലായിരുന്നു. ഒരു എലി ഗ്യാസ് സിലിണ്ടറിന്റെ ഹോസ് കടിച്ച് മുറിച്ചതാണ് സ്‌ഫോടനത്തിന് കാരണമായത്. ഗ്യാസ് ചോർച്ച ഉണ്ടായതിനെത്തുടർന്നാണ് തീപിടിത്തമുണ്ടായതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. അടുക്കളയുടെ വാതിൽ ഏകദേശം 50 മീറ്ററോളം ദൂരത്തേക്ക് തെറിച്ചുപോയി. പാത്രങ്ങൾ ഉരുകി, എസിയും ഫ്രിഡ്‌ജും നശിച്ചു, പ്ലാസ്റ്റിക് സീലിംഗ് തകർന്ന് വീണു, ഫാനുകളും മറ്റ് ഉപകരണങ്ങളും ചിതറിപ്പോയിരുന്നു'- സമീപത്ത് താമസിച്ചിരുന്നയാൾ പറഞ്ഞു.