'പ്രപഞ്ചം ഞങ്ങളുടെ വിധി മന്ത്രിക്കുന്നത് ഒരിക്കൽ അവൾ കേട്ടിടത്ത്'; കൂടുതൽ വിവാഹ ചിത്രങ്ങളുമായി വീണ നായരുടെ മുൻ ഭർത്താവ്
ദിവസങ്ങൾക്കുമുമ്പായിരുന്നു നടി വീണാ നായരുടെ മുൻ ഭർത്താവും ആർജെയും നർത്തകനുമായ അമൻ ഭൈമി എന്ന സ്വാതി സുരേഷ് വിവാഹിതനായത്. റീബ റോയിയെ ആണ് അമൻ ജീവിത സഖിയാക്കിയത്. കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്.
വിവാഹം കഴിഞ്ഞവിവരം അമാൻ സോഷ്യൽ മീഡിയയിലൂടെ നേരത്തെ ആരാധകരുമായി പങ്കുവച്ചിരുന്നു. കൂടുതൽ വിവാഹ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തിരിക്കുകയാണ് അമാൻ ഇപ്പോൾ. 'പ്രപഞ്ചം ഞങ്ങളുടെ വിധി മന്ത്രിക്കുന്നത് ഒരിക്കൽ അവൾ കേട്ടിടത്ത്, ഞങ്ങൾ എന്നെന്നേക്കുമായി കണ്ടുമുട്ടി. ശ്രീ മൂകാംബിക ദേവിയുടെ ദിവ്യാനുഗ്രഹത്താൽ വിവാഹിതരായി! നിങ്ങളുടെ എല്ലാ പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി'- എന്ന അടിക്കുറിപ്പോടെയാണ് അമാൻ വിവാഹ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
അമനും റീബയും ദീർഘനാളുകളായി പ്രണയത്തിലായിരുന്നു. ഇരുവരും ദുബായിൽ ലിവിംഗ് റിലേഷനിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് അമനും വീണയും വിവാഹ ബന്ധം വേർപെടുത്തിയത്. വീണയുമായുള്ളതും പ്രണയവിവാഹമായിരുന്നു. ഏറെക്കാലത്തെ പ്രണയത്തിനുശേഷം 2014ൽ ആയിരുന്നു വിവാഹം. കലോത്സവ വേദികൾ മുതലുള്ള പരിചയം പ്രണയത്തിലും വിവാഹത്തിലും എത്തുകയായിരുന്നു. ഇരുവർക്കും ഒരു മകനുണ്ട്.