ജോയ് റിച്ചുവിന്റെ വരയിലുണ്ട് അതിജീവനത്തിന്റെ കഥകൾ

Thursday 18 September 2025 5:34 PM IST

ആലുവ: രാജഗിരി ആശുപത്രിയിലെ വിശാലമായ ലോബിക്ക് മുന്നിലെ ചെറിയ കാൻവാസിലേക്ക് നിറങ്ങൾ ഒഴുകിയിറങ്ങി. ഒപ്പം നിറയെ ആശയങ്ങളും. അഞ്ചു മണിക്കൂറിൽ നീണ്ട ചുരുൾമുടിയുള്ള ജോയ് റിച്ചു എന്ന കലാകാരി തന്റെ സൃഷ്ടിയിൽ പലതരം ചിത്രങ്ങളും അനുഭവങ്ങളും തെളിഞ്ഞു. നിരവധി അർത്ഥ തലങ്ങളുള്ള തന്റെ വരകളിലൂടെ കഥ പറയുകയിരുന്നു ജോയ് റിച്ചു. ചികിത്സയ്ക്കായി കെനിയയിൽ നിന്ന് വന്ന സംഘാംഗമായിരുന്നു റിച്ചു. ചികിത്സയും സാംസ്കാരിക പര്യടനവും സമന്വയിപ്പിച്ച യാത്രയുടെ ഭാഗമായാണ് 20 അംഗ സംഘം രാജഗിരി ആശുപത്രിയിലെത്തിയത്.

 മികവുറ്റ കലാസൃഷ്ടികൾ

കെനിയൻ വേരുകളും അന്താരാഷ്ട്ര യാത്രകളും ഇടകലരുന്നതാണ് റിച്ചുവിന്റെ സൃഷ്ടികൾ. കോക്ക-കോള, പോർഷെ, ന്യൂയോർക്ക് ടൈംസ്, മാസ്റ്റർകാർഡ് ഉൾപ്പെടെയുള്ള ആഗോള ബ്രാൻഡുകൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. കോക്ക-കോളയുടെ ആദ്യത്തെ ആഫ്രിക്കൻ പ്രചോദിത പാനീയമായ 'വൂസാഹ്' രൂപകല്പന ചെയ്തത് ജോയ് റിച്ചുവാണ്. 2024ൽ കാൻസ് ലയൺസിന്റെ 'സീ ഇറ്റ് ബി ഇറ്റ്' അവാർഡ് നേടിയ ആദ്യ കെനിയൻ വനിതയായി.

ചിത്രീകരണ കല

ചിത്രീകരണ കലയെന്നാൽ ഒരു ആശയം, എഴുത്ത്, അല്ലെങ്കിൽ വിവരങ്ങൾ എന്നിവയെ ദൃശ്യരൂപത്തിൽ വ്യക്തമായി അവതരിപ്പിക്കുന്നു. സാധാരണ ഫൈൻ ആർട്ട് പോലെ ആസ്വാദനത്തിന് വേണ്ടി മാത്രമല്ല, ഒരു നിർദ്ദിഷ്ട സന്ദേശം പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. സങ്കീർണ്ണമായ വിഷയങ്ങളെപ്പോലും ലളിതവും ആകർഷകവുമാക്കി മാറ്റുമെന്നതാണ് പ്രത്യേകത. ഒരു ആശയം 'വിവരിക്കുന്നതിന്' പകരം 'കാണിച്ചു കൊടുക്കുന്ന' കലയാണ് ഇല്ലസ്‌ട്രേഷൻ ആർട്ട്. ഇത് ആശയവിനിമയത്തെ കൂടുതൽ ഫലപ്രദമാക്കുന്നു.

കലാസൃഷ്ടിയിൽ വെറും മുഖങ്ങളല്ല. മറിച്ച്, ഞാൻ ഇവിടെ സാക്ഷ്യം വഹിച്ച കരുതലിന്റെയും അതിജീവനത്തിന്റെയും ഐക്യത്തിന്റെയും കഥകളാണ്. മെഡിക്കൽ ടൂറിസത്തിന് അനുയോജ്യമാണ് കേരളത്തിന്റെ ഭൂപ്രകൃതിയും ഇവിടുത്തെ മികവുറ്റ ആരോഗ്യ പ്രവർത്തകരും.

ജോയ് റിച്ചു