34. 24 കോടി കുടിശിക: സ്വകാര്യ ആശുപത്രി ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ്
കൊച്ചി: വായ്പാ കുടിശികയെ തുടർന്ന് എറണാകുളം നഗരത്തിലെ സിറ്റി ഹോസ്പിറ്റൽ ടാറ്റ ഗ്രൂപ്പിന്റെ ധനകാര്യ സ്ഥാപനമായ ടാറ്റാ ക്യാപിറ്റൽ ലിമിറ്റഡ് സർഫാസി നിയമപ്രകാരം ഏറ്റെടുത്തു. എം.ജി. റോഡിന് സമീപം സ്ഥിതി ചെയ്യുന്ന ഈ സ്വകാര്യ ആശുപത്രി, സ്ഥാവരജംഗമ വസ്തുക്കളടക്കം ടാറ്റയുടെ നിയന്ത്രണത്തിലായി. ഇന്ന് മുതൽ പുതിയ രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കില്ല. ആശുപത്രി ഗേറ്റുകളിൽ ടാറ്റയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചു കഴിഞ്ഞു.
നിയമനടപടികളും വായ്പാ തർക്കവും 1. ആറ് വർഷം മുമ്പ് ഇടപ്പള്ളിയിലെ 'ഫർണസ് ഫാബ്രിക്ക' എന്ന കമ്പനിയാണ് മുംബൈ ആസ്ഥാനമായ ടാറ്റാ ക്യാപിറ്റലിന് ആശുപത്രി പണയപ്പെടുത്തിയത്. 2. ആശുപത്രിയുടെ 92.46 സെന്റ് സ്ഥലവും കെട്ടിടങ്ങളും ഉപകരണങ്ങളും ഈടായി നൽകി 2019ലും 2021ലുമായി 46.53 കോടി രൂപ വായ്പയെടുത്തു. 3. മുതലും പലിശയും ഉൾപ്പെടെ 34.24 കോടി രൂപയുടെ കുടിശ്ശിക വന്നതോടെ, ടാറ്റാ ക്യാപിറ്റൽ സർഫേസി നിയമപ്രകാരം എറണാകുളം അഡീഷണൽ സെഷൻസ് കോടതിയെ സമീപിച്ചു. 4. 2023ൽ ജപ്തിക്ക് കോടതി ഉത്തരവിട്ടെങ്കിലും, മാനേജ്മെന്റ് ഡെ്ര്രബ് റിക്കവറി ട്രൈബ്യൂണലിനെ (ഡി.ആർ.ടി.) സമീപിച്ച് സ്റ്റേ വാങ്ങി. 5. പിന്നീട് ട്രൈബ്യൂണൽ മാനേജ്മെന്റിന്റെ തടസ്സവാദങ്ങൾ തള്ളിയതോടെയാണ് ജപ്തി നടപടിക്ക് വഴിയൊരുങ്ങിയത്. 5. തുടർനടപടികൾ പൂർത്തിയാക്കി സെപ്തംബർ 23ന് റിപ്പോർട്ട് നൽകാൻ കോടതി അഭിഭാഷക കമ്മിഷനെയും നിയോഗിച്ചിട്ടുണ്ട്.
രോഗികളെ മാറ്റിപ്പാർപ്പിക്കുന്നു ഏറ്റെടുക്കൽ നടപടികൾക്കായി ഇന്നലെ രാവിലെ മുതൽ തന്നെ പൊലീസ് സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. നിലവിൽ ചികിത്സയിലുള്ള രോഗികളോട് മറ്റ് ആശുപത്രികളിലേക്ക് മാറാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. ഗുരുതരാവസ്ഥയിലുള്ള ഒരാൾക്ക് ഇന്ന് വരെ സമയം അനുവദിച്ചിട്ടുണ്ട്. ഐ.വി.എഫ് വിഭാഗത്തിന്റെ പ്രവർത്തനം ശനിയാഴ്ച വരെ തുടരും.