കടന്നുപിടിച്ച രക്ഷപ്പെട്ട വിദ്യാർത്ഥിയെ  അന്വേഷിച്ച് പിടികൂടി പെൺകുട്ടി

Thursday 18 September 2025 8:24 PM IST

കൊച്ചി: പട്ടാപ്പകൽ നടുറോഡിൽ തന്നോട് മോശമായി പെരുമാറിയ സ്‌കൂൾ വിദ്യാർത്ഥിയെ പത്ത് ദിവസത്തെ അന്വേഷണത്തിനൊടുവിൽ യുവതിയും സുഹൃത്തും ചേർന്ന് കണ്ടെത്തി. സി.സി ടിവി ദൃശ്യങ്ങൾ പരശോധിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ പിടികൂടിയെങ്കിലും കൗൺസലിംഗ് നൽകി വിട്ടയച്ചാൽ മതിയെന്ന യുവതിയുടെ അഭ്യർത്ഥന മാനിച്ചാണ് കേസെടുക്കാതെ ഒത്തുതീർപ്പാക്കിയത്. സംഭവം നടന്നത് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപമുള്ള സമാധി റോഡിലാണ്. സൈക്കിളിലെത്തിയ 15 വയസുകാരനായ വിദ്യാർത്ഥി നടന്നുപോവുകയായിരുന്ന യുവതിയുടെ പിന്നിൽ മോശമായി സ്പർശിച്ച ശേഷം അതവേഗം സൈക്കിളിൽ രക്ഷപ്പെടുകയായിരുന്നു.

യുവതി ഉടൻതന്നെ എളമക്കര പൊലീസിൽ പരാതി നൽകി. അതോടൊപ്പം സുഹൃത്തിന്റെ സഹായത്തോടെ സമീപത്തെ സ്ഥാപനങ്ങളിലെ സി.സി ടിവി ദൃശ്യങ്ങൾ ശേഖരിച്ച് സ്വയം അന്വേഷണവും നടത്തി. ദൃശ്യങ്ങളിൽനിന്ന് പ്രതിയുടെ യൂണിഫോം തിരിച്ചറിഞ്ഞ യുവതി പൊലീസിന് വിവരം കൈമാറിയതോടെയാണ് പ്രതിയെ വേഗത്തിൽ പിടികൂടാൻ കഴിഞ്ഞത്. ഈ വിദ്യാർത്ഥി പല പെൺകുട്ടികളോടും ഇത്തരത്തിൽ മോശമായി പെരുമാറിയിരുന്നതായി സി.സി ടിവി ദൃശ്യങ്ങളിൽ നിന്ന് മനസിിലാക്കാൻ കഴിഞ്ഞെന്നാണ് വിവരം. അന്വേഷണത്തിൽ സഹകരിച്ച യുവതിയെ പൊലീസ് അഭിനന്ദിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.