കെ-ഫോൺ നെല്ലിയാമ്പതിയിലേക്കും
പാലക്കാട്: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ നെല്ലിയാമ്പതി മേഖലയിലും ഹൈസ്പീഡ് ഇന്റർനെറ്റ് സേവനമെത്തിക്കാൻ തയ്യാറെടുത്ത് കെ ഫോൺ. ഇതിനായി നെല്ലിയാമ്പതി- കൊല്ലങ്കോട് ബാക്ക്‌ബോൺ ലിങ്ക് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പരോഗമിക്കുന്നു. ഇന്റർനെറ്റ് കണക്ടിവിറ്റി സൗകര്യങ്ങൾ പരിമിതമായ പ്രദേശങ്ങളിലാണ് കെ ഫോൺ ബ്രോഡ്ബാൻഡ് കണക്ഷനുകളെത്തിക്കാൻ തയ്യാറെടുക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളെല്ലാം അടിയന്തര പ്രാധാന്യം നൽകി പൂർത്തിയാക്കി എത്രയും വേഗം ഉപഭോക്താക്കൾക്കായി സേവനങ്ങളുറപ്പാക്കുന്നതിനായുള്ള പ്രവർത്തനങ്ങളിലാണ് കെ ഫോൺ. ആദ്യ ഘട്ടത്തിൽ, സർക്കാർ ഓഫീസുകൾ ഉൾപ്പെടെയുള്ള 17 ഇ.ഒ.എസ് (എൻഡി ഒഫ് സർവീസ്) കേന്ദ്രങ്ങൾക്കായിരിക്കും കെഫോൺ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുക. തുടർന്ന് ഗാർഹിക, വാണിജ്യ ഉപഭോക്താക്കൾക്കും മറ്റ് സ്ഥാപനങ്ങൾക്കും കെഫോണിന്റെ അതിവേഗ ഇന്റർനെറ്റ് സേവനത്തിന്റെ ഗുണഭോക്താക്കളാകാം. കേരളത്തിന്റെ ഡിജിറ്റൽ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനുള്ള കെഫോണിന്റെ വലിയൊരു ചുവടുവയ്പ്പാണിത്. ഇന്റർനെറ്റ് സേവനങ്ങൾ വലിയ അവസരങ്ങളാണ് ഓരോ വ്യക്തിക്ക് മുന്നിലുമെത്തിക്കുന്നത്. സാമ്പത്തിക, സാമൂഹിക, ഭൂമിശാസ്ത്ര അസമത്വങ്ങളില്ലാതെ കേരളത്തിലുടനീളം എല്ലാ ജനങ്ങൾക്കും കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള ഇന്റർനെറ്റ് ഉറപ്പാക്കുക എന്നതാണ് കെഫോണിന്റെ ലക്ഷ്യം. ആ ലക്ഷ്യത്തിലേക്ക് ഇനി അധികം ദൂരമില്ലെന്ന് കെ ഫോൺ മാനേജിംഗ് ഡയറക്ടർ ഡോ. സന്തോഷ് ബാബു പറഞ്ഞു. പുതിയ ഗാർഹിക കണക്ഷൻ എടുക്കാൻ എന്റെ കെ.ഫോൺ എന്ന മൊബൈൽ ആപ്പിലൂടെയോ കെ.ഫോൺ വെബ്‌സൈറ്റിലൂടെയോ രജിസ്റ്റർ ചെയ്യാം.