പാലക്കാട് വിള ഇൻഷ്വറൻസ് നിഷേധിക്കൽ വ്യാപകം

Friday 19 September 2025 1:36 AM IST

പാലക്കാട്: രണ്ടാംവിള നെൽകൃഷിക്ക് പാലക്കാട് ജില്ലയിലെ പല വില്ലേജുകളിലും സീറോ ക്ലെയിം എന്ന പേരിൽ വിള ഇൻഷ്വറൻസ് നിഷേധിക്കുന്നതിനെതിരെ കർഷക പ്രതിഷേധം ശക്തമായി. 2023ലെ ഒന്നാം വിളയിലെയും രണ്ടാംവിളയിലെയും ഇൻഷ്വറൻസ് ക്ലെയിം തുക വൈകിയതിനെ തുടർന്ന് കർഷകർ അഗ്രിക്കൾച്ചറൽ ഇൻഷ്വറൻസ് കമ്പനി അധികൃതരുമായി ബന്ധപ്പെടുമ്പോഴെല്ലാം ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ പ്രവർത്തിക്കാത്തതിനാൽ വെതർ റീഡിംഗ് ലഭിക്കാത്തതിനാലാണ് ക്ലെയിം തുക വൈകുന്നത് എന്ന മറുപടിയാണ് ലഭിച്ചിരുന്നത്. നിരവധി പരാതികൾ ഉയർന്നതിനെ തുടർന്ന് 2023ലെ ഒന്നാംവിള ക്ലെയിം തുക ഇൻഷ്വറൻസ് കമ്പനി കർഷകർക്ക് നൽകി. എന്നാൽ രണ്ടാം വിളയുടെ ഇൻഷ്വറൻസ് തുക ചില പഞ്ചായത്തുകളിലെ കർഷകർക്ക് മാത്രമാണ് ലഭ്യമായത്. ഇതേക്കുറിച്ച് അന്വേഷിക്കുമ്പോഴാണ് പല പഞ്ചായത്തുകളിലും കാലാവസ്ഥാ വ്യതിയാനം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അതിനാൽ സീറോ ക്ലെയിം ആണ് എന്ന മറുപടി ഇൻഷ്വറൻസ് കമ്പനി അധികൃതർ നൽകുന്നത്. കാലാവസ്ഥാ വ്യതിയാനം കാരണം പലവിധ നഷ്ടങ്ങൾ പൊതുജനങ്ങൾ എല്ലാവരും അനുഭവിക്കുമ്പോഴാണ് കാർഷിക വിളകളിൽ മാത്രം കാലാവസ്ഥ വ്യതിയാനം ഇല്ലെന്ന അമ്പരപ്പിക്കുന്ന മറുപടി ഇൻഷുറൻസ് അധികൃതർ പറയുന്നത്. ഏതെല്ലാം പഞ്ചായത്തുകളിലാണ് ക്ലെയിം നൽകുന്നതെന്നോ ക്ലെയിം ഇല്ലാത്തതെന്നോ ഉള്ള കണക്കുകളും ഇൻഷ്വറൻസ് അധികൃതർ പരസ്യമാക്കുന്നില്ല. വെതർ സ്റ്റേഷനുകൾ പ്രവർത്തനരഹിതമായതിനാൽ ക്ലെയിം തുക വൈകുന്നു എന്ന് പറഞ്ഞിരുന്ന അധികൃതർ എന്തടിസ്ഥാനത്തിലാണ് നിലവിൽ ക്ലെയിം കണക്കാക്കിയത് എന്നാണ് കർഷകർ ചോദിക്കുന്നത്. ഇതിൽ സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷണം നടത്തണമെന്ന് കർഷകർ ആവശ്യപ്പെട്ടു. പ്രതിഷേധ യോഗത്തിൽ കർഷക കോൺഗ്രസ് ചിറ്റൂർ നിയോജക മണ്ഡലം പ്രസിഡന്റ് കെ.മോഹനൻ അധ്യക്ഷത വഹിച്ചു. എം.പോൾ, പി.ഉണ്ണികൃഷ്ണൻ, എ.രാജൻ, കെ.വിജയകൃഷ്ണൻ, സി.കെ.മുരളീധരൻ, വിപിൻദാസ് എന്നിവർ സംസാരിച്ചു.