ലാനിന: കേരളത്തിൽ കൂടുതൽ മഴ ലഭിക്കും
തിരുവനന്തപുരം: ലാനിന പ്രതിഭാസം കാരണം ഉത്തരേന്ത്യയിൽ കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും കേരളത്തിൽ കൂടുതൽ മഴയും ഉണ്ടാവുമെന്ന് കാലാവസ്ഥ വിദഗ്ദ്ധരുടെ വിലയിരുത്തൽ.
പെറു തീരത്തെ മധ്യകിഴക്കൻ പസഫിക് സമുദ്രത്തിലെ ഉപരിതല താപനില സാധാരണയേക്കാൾ തണുക്കുമ്പോഴാണ് ലാനിന പ്രതിഭാസം ഉണ്ടാകുന്നത്. ഇത് ലോകമെമ്പാടുമുള്ള കാലാവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാക്കും.
വർഷങ്ങൾക്ക് ശേഷമാണ് രാജ്യത്ത് ലാനിന പ്രതിഭാസം സജീവമാകുന്നത്. മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ട്. ഒക്ടോബറോടെ ലാനിന സജീവമാകും.ജനുവരി വരെ തുടർന്നേക്കും.
തെക്കുപടിഞ്ഞാറൻ മൺസൂൺ സെപ്തംബർ 15 ഓടെ വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ നിന്ന് പിൻവാങ്ങാൻ സാധ്യതയുണ്ട്. .ഒക്ടോബറോടെ പൂർണമായും പിൻവാങ്ങുകയും ചെയ്യും.ഇതിന് ശേഷമാണ് ലാനിന സജീവമാകുന്നത്. ഈ വർഷം മേയ് 24നാണ് കേരളത്തിൽ കാലവർഷം എത്തിയത്.
തുലാവർഷം കനക്കും
ലാനിന സജീവമാകുമ്പോൾ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ കൂടും . തണുത്ത കാലാവസ്ഥയിൽ വലിയ വ്യത്യാസം വരില്ല.മഴ മാറി നിന്നാൽ മാത്രമാണ് ശൈത്യമുണ്ടാകുന്നത്.
കേരളത്തിൽ ഏറ്റവും കൂടുതൽ മഴ പെയ്തത് 1961– ലാണ്. 4258 മില്ലിമീറ്റർ. അതിനുശേഷം കൂടുതൽ മഴ 2021–ലായിരുന്നു. 3522.2 മില്ലിമീറ്റർ. 4226.4 മില്ലിമീറ്റർ (1924), 4073 മില്ലിമീറ്റർ (1933), 3746 മില്ലിമീറ്റർ (1959), 3671.2 മില്ലിമീറ്റർ (1907), 3565.5 മില്ലിമീറ്റർ (1946).
തുലാവർഷത്തിൽ ലാനിന സജീവമായാൽ കൂടുതൽ മഴ കേരളത്തിൽ ലഭിക്കും നീത കെ.ഗോപാൽ കേരള കാലവസ്ഥ കേന്ദ്രം ഡയറക്ടർ