അയ്യപ്പസംഗമം: കോട്ടയത്തും പത്തനംതിട്ടയിലും മുറികളില്ല
കോട്ടയം: ആഗോള അയപ്പസംഗമത്തെത്തുടർന്ന് കോട്ടയം, പത്തനംതിട്ട ജില്ലകളിലെ സർക്കാർ ഗസ്റ്റ് ഹൗസുകളും റിസോർട്ടുകളം ഹോട്ടലുകളുമെല്ലാം ഫുൾ ബുക്ക്ഡ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ 3,000 പ്രതിനിധികളാണ് നാളെ പമ്പയിൽ നടക്കുന്ന സംഗമത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
വിദേശ പ്രതിനിധികൾക്ക് കുമരകം കെ.ടി.ഡി.സി വാട്ടർ സ്കേപ്പ്സിലും മറ്റ് വി.ഐ.പികൾക്ക് നാട്ടകം ഗസ്റ്റ്ഹൗസിലുമാണ് താമസം സൗകര്യം ഒരുക്കിയിരിക്കുന്നത്. കോട്ടയം പി.ഡബ്ലിയു.ഡി റസ്റ്റ് ഹൗസ്, കുമരകത്തെ മറ്റു റിസോർട്ടുകൾ, പത്തനംതിട്ട ജില്ലയിലെ സർക്കാർ ഗസ്റ്റ് ഹൗസുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളും പ്രതിനിധികൾക്കായി ബുക്ക് ചെയ്തിട്ടുണ്ട്. പമ്പയ്ക്കു പുറമേ നിലയ്ക്കലിലും താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്.
നിയമസഭാ സമ്മേളനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാത്രിയോടെ പമ്പയിലെത്തുമെന്ന് മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള മന്ത്രി ശേഖർബാബു ഇന്നലെയെത്തി. ദേവസ്വംബോർഡ് പ്രസിഡന്റ്, അംഗങ്ങൾ, കളക്ടർ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്ക് പമ്പ ഗസ്റ്റ് ഹൗസിലാണ് താമസമൊരുക്കിയിട്ടുള്ളത്. മന്ത്രി വി.എൻ.വാസവൻ പമ്പയിൽ താമസിച്ച് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുകയാണ്.