നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാൻ കോഴിക്കോട് വരും ട്രാഫിക് കോറിഡോർ
# മൂന്ന് കി.മീറ്റർ ഭൂമിയേറ്റെടുക്കാൻ ചെലവ് 400 കോടി
#പാളയത്ത് മേൽപ്പാലം
#മുതലക്കുളം- കല്ലായി റോഡ് ഭൂമിയേറ്റെടുക്കൽ ഉടൻ
#ഗതാഗതക്കുരുക്കില്ലാത്ത കോഴിക്കോട് നഗരം ലക്ഷ്യം
കോഴിക്കോട്: അടുത്ത 25 വർഷം കണക്കാക്കി കോഴിക്കോട് നഗരത്തിന്റെ മുഖച്ഛായ മാറ്റാനൊരുങ്ങുകയാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്. സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രോജക്ടിന്റെ ഭാഗമായി നഗരത്തിലെ 12 റോഡുകൾ വികസിപ്പിക്കുകയും പാളയത്തെ ഗതാഗതകുരുക്കിന് പരിഹാരമായി ഭീമൻ മേൽപ്പാലം വരികയും ചെയ്യുന്നതോടെ കോഴിക്കോട് ഗതാഗതകുരുക്കില്ലാത്ത നഗരമായി മാറും. ആദ്യഘട്ടത്തിൽ മുതലക്കുളം മുതൽ കല്ലായി പാലം വരെയുള്ള ഭാഗത്ത് 3.2 കിലോമീറ്റർ ദൂരം മേൽപ്പാലം നിർമ്മിക്കാനുള്ള നടപടികൾ ആരംഭിക്കും. കേരളത്തിൽ ഭൂമിക്ക് ഏറ്റവും വിലയുള്ള മേഖലയിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനത്തിന് ഭൂമിയേറ്റെടുക്കാൻ 400 കോടി രൂപയാണ് സർക്കാർ വകയിരുത്തുന്നത്. റോഡ് വികസനം സാദ്ധ്യമാവുന്നതോടെ കല്ലായി റോഡിലെയും മീഞ്ചന്ത മിനി ബൈപ്പാസിലെയും ഗതാഗതത്തിരക്ക് കുറയും. രണ്ടാംഘട്ടത്തിൽ ഫറോക്ക് വരെയും റോഡ് നിർമ്മാണം നടക്കും.
@ മാനാഞ്ചിറ- വെള്ളിമാടുകുന്ന്
റോഡ് ജനു. ഒന്നിന് തുറക്കും
നിർമ്മാണം തുടങ്ങിയ മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് 2026 ജനുവരി ഒന്നിന് തുറന്നുകൊടുക്കാനുള്ള തീവ്രശ്രമത്തിലാണ് പൊതുമരാമത്ത് വകുപ്പ്. 5.3 കിലോമീറ്റർ ദൂരത്തിൽ 24 മീറ്റർ വീതിയിൽ 76.90 കോടി ചെലവിൽ വരുന്ന റോഡ് യാഥാർത്ഥ്യമാവുന്നതോടെ വയനാട് റോഡിൽ ഇരുഭാഗത്തേക്കും ഗതാഗതം സാദ്ധ്യമാവും. നിലവിൽ മാനാഞ്ചിറ മുതൽ ഈസ്റ്റ് നടക്കാവ് വരെ വൺവേയാണ്. കണ്ണൂർ റോഡിലെ ഗതാഗതക്കുരുക്കിനും പരിഹാരമാവും. വയനാട്, ബാലുശ്ശേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വെസ്റ്റ് നടക്കാവ് വരെ കണ്ണൂർ റോഡിലൂടെയാണ് പോകുന്നത്. ഈ വാഹനങ്ങളും പുതിയ മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡിലൂടെ പോവും. കണ്ണൂർ, കുറ്റ്യാടി ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ മാത്രം കണ്ണൂർ റോഡിലൂടെ പോവുന്ന സ്ഥിതിവരും.
@ റോഡിന്റെ സവിശേഷതകൾ
.കോൺക്രീറ്റ് ഓവുചാൽ, ഡക്റ്റ്, രണ്ട് മീറ്റർ വീതിയിൽ നടപ്പാത
.22 ക്രോസ് ഡക്റ്റുകൾ
.മദ്ധ്യത്തിൽ രണ്ട് മീറ്റർ വീതിയിൽ പൂന്തോട്ടം, തെരുവ് വിളക്കുകൾ .21 ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ, ഏഴ് ബസ് ബേ
.സിവിൽ സ്റ്റേഷന് മുന്നിൽ നടപ്പാലം
.ജംഗ്ഷനുകളിൽ ട്രാഫിക് സിഗ്നലുകൾ
.പൈപ്പ്, കേബിൾ എന്നിവ സ്ഥാപിക്കാൻ റോഡ് കീറിമുറിക്കേണ്ടതില്ല.
.നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കും
.എരഞ്ഞിപ്പാലത്ത് മേൽപ്പാലം
@മാനാഞ്ചിറ- പാവങ്ങാട് റോഡ്
മാനാഞ്ചിറ സി.എസ്.ഐ പള്ളി മുതൽ പാവങ്ങാട് വരെ 7.3 കിലോമീറ്റർ ദൂരത്തിൽ റോഡ് വികസനം വരുന്നതോടെ കണ്ണൂർ റോഡ് പൂർണമായും ഗതാഗതകുരുക്കിൽ നിന്ന് മുക്തമാവും. 2026ൽ കണ്ണൂർ റോഡ് നവീകരണം തുടങ്ങാനാണ് കേരള റോഡ് ഫണ്ട് ബോർഡ് ആലോചിക്കുന്നത്. ഇതിനുള്ള ഭൂമിയേറ്റെടുക്കൽ ഉടൻ ആരംഭിക്കും.