ചട്ടമ്പിസ്വാമി നവോത്ഥാനത്തിന് കരുത്തേകി: എം.വി. ഗോവിന്ദൻ

Friday 19 September 2025 2:59 AM IST

തിരുവനന്തപുരം: ജീവിതാനുഭവങ്ങളിലൂടെ കേരളത്തിന്റെ നവോത്ഥാന സങ്കല്പത്തിന് ചട്ടമ്പിസ്വാമി കരുത്തേകിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ചട്ടമ്പിസ്വാമി സാംസ്കാരികസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചട്ടമ്പിസ്വാമി ജയന്തി പുരസ്കാര സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന് നവോത്ഥാനത്തിന്റെ വെളിച്ചം വീശിയ ചട്ടമ്പിസ്വാമിയും ശ്രീനാരായണഗുരുവും മഹാത്മാ അയ്യങ്കാളിയും പിന്നാക്കാവസ്ഥകളിലൂടെ കടന്നുവന്നവരാണ്. സാമ്പത്തികമായ പിന്നാക്കാവസ്ഥായിരുന്നു ചട്ടമ്പിസ്വാമി അഭിമുഖീകരിച്ചത്. സെക്രട്ടേറിയറ്റ് നിർമ്മാണത്തിൽ ഇഷ്ടിക ചുമക്കേണ്ട അവസ്ഥപോലും അദ്ദേഹത്തിനുണ്ടായി. ശ്രീനാരായണഗുരുവും അയ്യങ്കാളിയും സാമൂഹിക അസമത്വങ്ങൾക്കെതിരെ പോരാടിയതും സ്വന്തം അനുഭവങ്ങളിലൂടെ ലഭിച്ച ഊർജം കൊണ്ടാണ്.

അസാധാരണമായ ഓർമ്മശക്തി കൈമുതലാക്കിയ ചട്ടമ്പിസ്വാമി അന്ധവിശ്വാസം നിറഞ്ഞ പൗരാണിക സമ്പ്രദായത്തിനെതിരെ പോരാടി. പരശുരാമൻ മഴുവെറിഞ്ഞ് കേരളത്തെ ബ്രാഹ്മണർക്ക് നൽകിയെന്ന സങ്കല്പത്തെ പൊളിച്ചെഴുതിയെന്നും അദ്ദേഹം പറഞ്ഞു. മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗോകുലം ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലന് ചട്ടമ്പിസ്വാമി ജയന്തി പുരസ്കാരം സമ്മാനിച്ചു.

ഗാന്ധിഭവൻ സെക്രട്ടറി ആൻഡ് മാനേജിംഗ് ട്രസ്റ്റി പുനലൂർ സോമരാജൻ അദ്ധ്യക്ഷനായി. ബി.ജെ.പി സംസ്ഥാന വക്താവ് ജെ.ആർ.പദ്മകുമാർ,ചട്ടമ്പിസ്വാമി സാംസ്കാരികസമിതി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ,മുക്കംപാലമൂട് രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

ഗോവിന്ദനെ

പ്രശംസിച്ച് ചെന്നിത്തല

വ്യത്യസ്ത രാഷ്ട്രീയ ചേരികളിലാണെങ്കിലും താൻ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് എം.വി.ഗോവിന്ദനെന്ന് രമേശ് ചെന്നിത്തല. ലാളിത്യവും വ്യക്തമായ നിലപാടുകളുമുള്ള രാഷ്ട്രീയ നേതാവാണ് അദ്ദേഹം. ഗോവിന്ദന്റെ പ്രസംഗം കേൾക്കാൻ ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.