മുത്തങ്ങയിലെ നരവേട്ടയ്ക്ക് മാപ്പില്ല: സി.കെ.ജാനു
കരാർ പ്രകാരം ഭൂമി അനുവദിക്കുന്നതിൽ 2001 ഒക്ടോബറിൽ കേരള സർക്കാർ കാലതാമസം വരുത്തിയതിൽ പ്രതിഷേധിച്ച് മുത്തങ്ങയിലേക്ക് ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ ആദിവാസികൾ നടത്തിയ ഭൂസമരം ആരും മറക്കില്ല. 2003 ഫെബ്രുവരി 19ന് നടന്ന ഭൂസമരത്തിൽ ജോഗി എന്ന ആദിവാസിയും വിനോദ് എന്ന പൊലീസുകാരനും കൊല്ലപ്പെട്ടു. നൂറിലേറെ ആദിവാസികൾ ജീവിക്കുന്ന രക്തസാക്ഷികളായി രോഗികളായി അലയുന്നു. മർദ്ദനത്തെത്തുടർന്ന് 20ഓളം പേർ രോഗം ബാധിച്ച് മരിച്ചെന്നും നടുക്കുന്ന ഓർമ്മകളിൽ പലരും മാനസിക രോഗികൾ വരെയായെന്നും ഭൂസമര നായിക സി.കെ.ജാനു പറയുന്നു.
മുത്തങ്ങ സമരത്തെക്കുറിച്ച് അന്നത്തെ മുഖ്യമന്ത്രി എ.കെ.ആന്റണിയുടെ പ്രതികരണം വന്നല്ലോ?
വൈകിയാണെങ്കിലും മുത്തങ്ങയിൽ നടന്നത് തെറ്റായിപ്പോയെന്ന തോന്നൽ എ.കെ.ആന്റണിക്ക് ഉണ്ടായി. നല്ലകാര്യം. പക്ഷെ, ആ നരവേട്ടയിൽ നടന്ന അതിക്രൂരമായ മർദ്ദനത്തിനും പീഡനത്തിനും മാപ്പു നൽകാനാവില്ല. 30 വർഷം മുമ്പുള്ള കസ്റ്റഡി മരണങ്ങളും പീഡനങ്ങളും ആണല്ലോ ഇപ്പോൾ ചർച്ച ചെയ്യുകയും പൊലീസുകാർക്കെതിരെ കേസെടുക്കുകയും ചെയ്യുന്നത്. മുത്തങ്ങയിൽ സ്ത്രീയെന്നാേ കുട്ടികളെന്നോ പ്രായമായവരെന്നോ വകഭേദമില്ലാതെ നരനായാട്ടാണ് നടത്തിയത്. അതിക്രൂരമായ പൊലീസ് നടപടിയിൽ ഒരു പെറ്റിക്കേസ് പോലും രജിസ്റ്റർ ചെയ്തില്ല. ഇതെന്ത് നീതിയാണ്? ഉത്തരവാദികളായ പൊലീസുകാരെ ശിക്ഷിക്കണം. ഞാനടക്കം ആദിവാസികൾ അനുഭവിച്ച പീഡനമൊന്നും വിവരിക്കാനാകില്ല. മർദ്ദനത്തിൽ നീരുവച്ച എന്റെ മുഖവും ശരീരവും നിങ്ങൾക്കാർക്കെങ്കിലും മറക്കാനാകുമോ. ഇപ്പോഴുള്ള എല്ലാ അസുഖങ്ങൾക്കും കാരണം അന്നത്തെ അതിക്രൂര മർദ്ദനമാണ്.
കേസുകൾ നടക്കുന്നുണ്ടോ?
മുന്നൂറോളം ആദിവാസികൾ ഇപ്പോഴും കേസിന്റെ പേരിൽ നടക്കുന്നു. പൊലീസ് മർദ്ദനം കാരണം കുറേപ്പേർ ചോര ഛർദ്ദിച്ചും മറ്റും മരിച്ചു. കേസ് തീർപ്പാക്കാതെ ആദിവാസികൾ കോടതി കയറിയിറങ്ങുന്നു. ഇതാരും കാണുന്നില്ല. കൂലിപ്പണിയെടുത്ത് കിട്ടുന്ന കാശാണ് കേസ് നടത്താൻ വക്കീലൻമാർക്ക് കൊടുക്കുന്നത്.
കുറ്റം ആരുടേതാണ്?
മുത്തങ്ങ സമരത്തിൽ യു.ഡി.എഫിനെ മാത്രം കുറ്റം പറയരുത്. മുഴുവൻ രാഷ്ട്രീയ പാർട്ടികളും കുറ്റക്കാരാണ്. മുത്തങ്ങയുടെ പേരിൽ മുതലക്കണ്ണീർ ഒഴുക്കി വോട്ടുപിടിക്കുന്ന സമീപനമാണ് എൽ.ഡി.എഫ് സ്വീകരിച്ചത്. പാക്കേജ് ഉണ്ടാക്കിയതും ഭൂമി വിതരണം ചെയ്തതും എല്ലാം യു.ഡി.എഫ് സർക്കാരാണ്. യു.ഡി.എഫ് ചാർജ്ജ് ചെയ്യാതെ വച്ച് രണ്ട് കേസുകൾ എൽ.ഡി.എഫ് സർക്കാർ ചാർജ്ജ് ചെയ്ത് ആദിവാസികളുടെ തലയിൽകെട്ടി. ജോഗിയുടെ മകൾ സീതയ്ക്ക് സർക്കാർ ജോലി നൽകിയതും ധനസഹായം നൽകിയതും കൊട്ടിപ്പാടി നടന്നു. മുത്തങ്ങയിൽ വെടിവയ്പ് നടത്തിയെന്ന കുറ്റം മാത്രമെ എ.കെ.ആന്റണിക്കുള്ളൂ. നിരന്തരമായി ആദിവാസികളെ വേട്ടയാടുന്നത് എൽ.ഡി.എഫാണ്.