അപവാദ പ്രചാരണം: മുഖ്യമന്ത്രിക്ക് പരാതി നൽകി സി.പി.എം വനിതാ നേതാവ്

Friday 19 September 2025 12:05 AM IST

കൊച്ചി: എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായിരുന്ന സി.പി.എം നേതാവ് കെ.ജെ. ഷൈൻ തന്നെക്കുറിച്ചുള്ള അപവാദ പ്രചാരണത്തിനെതിരെ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും വനിതാ കമ്മിഷനും പരാതി നൽകി.

ഒരാഴ്ച മുൻപ് അവരുടെ വസതിയിൽ സി.പി.എം എം.എൽ.എയ്‌ക്ക് ഒപ്പം ദുരൂഹ സാഹചര്യത്തിൽ കണ്ടെന്നാണ് പ്രചാരണം.

'സ്വന്തം നഗ്നത മറച്ചുവയ്‌ക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം" അവസാനിപ്പിക്കാൻ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവർ തയാറാകണമെന്ന് ഷൈൻ ഫേസ് ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.

കോൺഗ്രസ് എത്തിച്ചേർന്ന ജീർണത മറച്ചുവയ്‌ക്കാനാണ് കെ.ജെ. ഷൈനിന് എതിരെ വ്യാജപ്രചാരണം നടത്തുന്നതെന്ന് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി എസ്. സതീഷ് പറഞ്ഞു.

നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അറിയിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്‌ക്കെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങളെ തുടർന്ന്, കോൺഗ്രസിന്റെ ജീർണിച്ചമുഖം കേരളം തിരിച്ചറിഞ്ഞതാണ്.

രാഷ്ട്രീയമായും നിയമപരമായും

നേരിടും: കെ.എൻ. ഉണ്ണിക്കൃഷ്ണൻ

നിക്ഷിപ്ത രാഷ്ട്രീയ താത്പര്യം സംരക്ഷിക്കാനും വ്യക്തിപരമായി പകപോക്കാനും രാഷ്ട്രീയ ജീവിതത്തെ അപകീർത്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് അപവാദ പ്രചാരണമെന്ന് വൈപ്പിൻ എം.എൽ.എ കെ.എൻ. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. തകർന്നുകൊണ്ടിരിക്കുന്ന കോൺഗ്രസ് രാഷ്ട്രീയത്തെ ഉയിർത്തെഴുന്നേല്പിക്കാനുള്ള ഒരു നെറികെട്ട പ്രചാരണം മാത്രമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടും.

സി.പി.എമ്മിന്റെ ഉൾപ്പാർട്ടി

പോരിന്റെ ഫലം: കോൺഗ്രസ്

സി.പി.എമ്മിനകത്തെ അധികാര തർക്കങ്ങളുടെയും ഉൾപ്പാർട്ടി പോരിന്റെയും ഫലമാണ് പുതിയ പ്രശ്‌നമെന്ന് എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. അത് കോൺഗ്രസിന്റെ തലയിൽ കെട്ടി വയ്‌ക്കേണ്ട. സി.പി.എം നേതാക്കൾ തമ്മിലുള്ള തർക്കങ്ങൾ ഇത്തരം കാര്യങ്ങളിലേക്ക് വഴിമാറുന്നത് അന്വേഷിക്കേണ്ടത് സി.പി.എം ജില്ലാ സെക്രട്ടറിയാണെന്നും അദ്ദേഹം പറഞ്ഞു.