പലിശയിളവ് ആവേശത്തിൽ ഓഹരികൾ

Friday 19 September 2025 12:45 AM IST
sh

അമേരിക്കൻ ഫെഡറൽ റിസർവ് പലിശ കാൽ ശതമാനം കുറച്ചു

സ്വർണ വില കുറഞ്ഞു, രൂപയ്ക്ക് നേരിയ നഷ്‌ടം

കൊച്ചി: അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് മുഖ്യ പലിശ നിരക്ക് കാൽ ശതമാനം കുറച്ചതിന് പിന്നാലെ ആഗോള തലത്തിൽ ഓഹരി വിപണികൾ മികച്ച നേട്ടമുണ്ടാക്കി. സാമ്പത്തിക മാന്ദ്യം നേരിടുന്നതിന്റെ ഭാഗമായി നടപ്പുവർഷം രണ്ട് തവണ കൂടി പലിശ കുറയ്ക്കുമെന്ന് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ വ്യക്തമാക്കിയതാണ് ലോകമെമ്പാടുമുള്ള നിക്ഷേപകർക്ക് ആവേശം പകർന്നത്.

ആഗോള വിപണിയിലെ അനുകൂല ചലനങ്ങളുടെ കരുത്തിൽ ഇന്ത്യൻ ഓഹരികൾ മൂന്നാം ദിവസവും നേട്ടമുണ്ടാക്കി. ബോംബെ ഓഹരി സൂചികയായ സെൻസെക്‌സ് 320.25 പോയിന്റ് ഉയർന്ന് 83,013.96ൽ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്‌റ്റി 93.35 പോയിന്റ് നേട്ടവുമായി 25,423.60ൽ എത്തി. എറ്റേണൽ, സൺ ഫാർമ്മ, ഇൻഫോസിസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, എച്ച്.സി.എൽ ടെക്ക്, ഹിന്ദസ്ഥാൻ യൂണിലിവർ, പവർ ഗ്രിഡ്, ഐ.ടി.സി എന്നിവരാണ് മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. ചെറുകിട, ഇടത്തരം ഓഹരികളും മികച്ച മുന്നേറി.

ഏഷ്യയിലെ മറ്റ് വിപണികളും മികച്ച പ്രകടനമാണ് നടത്തിയത്. ദക്ഷിണ കൊറിയയിലെ കോസ്‌പി, ജപ്പാനിലെ നിക്കി എന്നിവ ഒരു ശതമാനം ഉയർന്നു. ഷാംങ്ക്‌ഹായ് കോമ്പോസിറ്റ്, ഹോങ്കോംഗിലെ ഹാംസെംഗ് എന്നിവയും മുന്നേറി. അമേരിക്കൻ ഓഹരി സൂചികകളും നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്.

സ്വർണ വില താഴുന്നു

ഫെഡറൽ റിസർവ് തീരുമാനം വന്നതിന് തൊട്ടുപിന്നാലെ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന്(31.1 ഗ്രാം) 3,640 ഡോളർ വരെ താഴ്‌ന്നു. ഇതോടെ കേരളത്തിൽ സ്വർണ വില പവന് 400 രൂപ കുറഞ്ഞ് 81,520 രൂപയിലെത്തി. ഗ്രാമിന്റെ വില 50 രൂപ കുറഞ്ഞ് 10,190 രൂപയിലെത്തി. 18,14,9 കാരറ്റ് സ്വർണാഭരണങ്ങളുടെ വിലയും കുറഞ്ഞു. പലിശ കുറഞ്ഞതോടെ അമേരിക്കൻ ഡോളറിന്റെയും യു.എസ് ബാേണ്ടുകളുടെയും മൂല്യത്തിൽ ചാഞ്ചാട്ടം ദൃശ്യമായി.

രൂപയ്ക്കും കാലിടറുന്നു

അമേരിക്കയിൽ പലിശ കുറഞ്ഞതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 32 പൈസ നഷ്‌ടവുമായി 88.13ൽ എത്തി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും രൂപ നേട്ടമുണ്ടാക്കിയിരുന്നു.