പാൽ വില കൂട്ടും, വർദ്ധന ഡിസംബറോടെ

Friday 19 September 2025 12:54 AM IST

തിരുവനന്തപുരം: ഉത്പാദനച്ചെലവ് ക്രമാതീതമായി വർദ്ധിച്ചതിനാൽ പാൽ വില കൂട്ടാൻ സർക്കാർ തീരുമാനം. വില വർദ്ധന നടപ്പാക്കുമെന്ന് മന്ത്രി ചിഞ്ചുറാണി ഇന്നലെ നിയമസഭയിൽ അറിയിച്ചു. ഡിസംബറോടെയാകും വർദ്ധന. ലിറ്ററിന് പരമാവധി 5 രൂപയാകും കൂടുക. പാലുത്പന്നങ്ങൾക്ക് അനുവദിച്ച ജി.എസ്.ടി ഇളവ് ഈമംസം 22ന് നടപ്പാകും. ശേഷം പഠനം നടത്തിയാകും വില വർദ്ധനയെന്ന് കഴിഞ്ഞ ദിവസം മിൽമ ചെയർമാൻ കെ.എസ്.മണി വ്യക്തമാക്കിയിരുന്നു. 2022ൽ മിൽമ നിയോഗിച്ച സമിതിയുടെ പഠനമനുസരിച്ച് 49 രൂപയാണ് ഒരു ലിറ്റർ പാലിന്റെ ഉത്പാദന ചെലവ്. അതിനു ശേഷം കാലിത്തീറ്റയ്ക്കുൾപ്പെടെ വില കൂടി. ഇപ്പോൾ ശരാശരി 44 രൂപയാണ് ലിറ്ററിന് ക്ഷീരകർഷകന് കിട്ടുന്നത്. 2022 ഡിസംബറിലാണ് പാൽവില കൂട്ടിയത്.

ചോളം അടക്കമുള്ള അസംസ്കൃത സാധനങ്ങൾ ഇതര സംസ്ഥാനങ്ങളിൽ നിന്ന്എത്തിച്ചാണ് കേരളത്തിൽ തീറ്റ ഉത്പാദിപ്പിക്കുന്നത്. വൈക്കോലും സൈലേജും തമിഴ്‌നാട്ടിൽ നിന്നു കൊണ്ടുവരണം. ഇവയ്ക്കും വില കൂടി.

പാൽ സംഭരണ വില

തമിഴ്നാട് : 34.72 രൂപ കർണ്ണാടക: 35.20 രൂപ കേരളം: 44 രൂപ