15 മാസം; 55 രാജ്യങ്ങൾ പിന്നിട്ട് അരുണിന്റെ സൈക്കിൾ യാത്ര
കോലഞ്ചേരി: പതിനഞ്ച് മാസത്തിനിടെ 55 രാജ്യങ്ങൾ പിന്നിട്ട് തൃപ്പൂണിത്തുറ അമ്പലമുകൾ സ്വദേശി അരുൺ തഥാഗതിന്റെ സൈക്കിൾ യാത്ര തുടരുന്നു. ഇപ്പോൾ വടക്കൻ യൂറോപ്പിലെ എസ്റ്റോണിയയിലൂടെയാണ് യാത്ര. ഇനി 15 രാജ്യങ്ങളിൽ കൂടി സഞ്ചരിച്ച് റഷ്യ,ചൈന,നേപ്പാൾ വഴി 2026 ആഗസ്റ്റിലാകും ഇന്ത്യയിൽ മടങ്ങിയെത്തുക. 2024 ജൂലായ് 22ന് പാരീസിലെ ഒളിമ്പിക് വേദിയിൽ നിന്നാണ് 42കാരനായ അരുൺ സൈക്കിൾ യാത്ര തുടങ്ങിയത്.
ഇറ്റലി,ഫ്രാൻസ്,സ്വിറ്റ്സർലൻഡ്,ഓസ്ട്രിയ,ജർമ്മനി,ലക്സംബർഗ്,ക്രൊയോഷ്യ,സ്ളൊവാക്യ,ഹംഗറി,റൊമാനിയ,ബൾഗേറിയ, സ്പെയിൻ,അൻഡോറ,പോർച്ചുഗൽ,സെർബിയ എന്നിവ പിന്നിട്ട് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലൂടെ യാത്ര തുടരുകയാണ്. യൂറോപ്യൻ യൂണിയന്റെ രണ്ടുവർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ ലഭിച്ചതും സഹായകമായി.
എറണാകുളം കളക്ടറേറ്റിലെ റവന്യു ഓഫീസിൽ സീനിയർ ക്ലാർക്കാണ് അരുൺ. രണ്ടുവർഷത്തെ അവധിയെടുത്താണ് യാത്ര. രണ്ടുലക്ഷം രൂപയ്ക്ക് യു.എസിൽ നിന്ന് ഇറക്കുമതി ചെയ്ത സർളി സൈക്കിളിലാണ് ലോക സഞ്ചാരം. 40 ലക്ഷത്തോളം രൂപ ചെലവു പ്രതീക്ഷിക്കുന്ന യാത്രയ്‌ക്ക് 10 ലക്ഷം വായ്പയെടുത്തു.
2019ൽ മ്യാൻമർ,തായ്‌ലൻഡ്,മലേഷ്യ, ഇന്തോനേഷ്യ,കംബോഡിയ,ലാവോസ് എന്നിവിടങ്ങളിലേക്ക് സൈക്കിളിൽ യാത്ര നടത്തിയിരുന്നു. തൃപ്പൂണിത്തുറ അമ്പലമുകൾ പാറേക്കാട്ടിൽ നാരായണന്റെയും തങ്കമണിയുടെയും മകനാണ്.
ദിവസം 50 കിലോമീറ്റർ
ദിവസവും 50 കിലോമീറ്ററാണ് സൈക്കിളിൽ യാത്ര ചെയ്യുന്നത്. പഴങ്ങളും ജ്യൂസും പച്ചക്കറികളും മാത്രമാണ് ഭക്ഷണം. സൈക്കിൾ യാത്രികർക്കുള്ള ക്യാമ്പ് ഹൗസുകളിലാണ് മിക്കപ്പോഴും താമസിക്കുക. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദധാരിയാണ് അരുൺ, ഗൗതമ ബുദ്ധനോടുള്ള ആരാധന കാരണമാണ് പേരിനൊപ്പം തഥാഗത് ചേർത്തത്. യാത്രയ്ക്കിടയിൽ
ഇതുവരെ മോശം അനുഭവങ്ങളുണ്ടായിട്ടില്ലെന്ന് അരുൺ പറയുന്നു.