കെ.സുകുമാരൻ നിലപാടുകൾ ഉറക്കെപ്പറഞ്ഞ പത്രാധിപർ: മന്ത്രി ബാലഗോപാൽ

Friday 19 September 2025 12:11 AM IST

തിരുവനന്തപുരം: സ്വന്തം അഭിപ്രായങ്ങളും നിലപാടുകളും ശക്തമായി രേഖപ്പെടുത്തുമ്പോഴും വിമർശനങ്ങൾ കേൾക്കാനും അതുൾക്കൊള്ളാനും തെല്ലും മടികാട്ടാത്ത വ്യക്തിത്വമായിരുന്നു പത്രാധിപർ കെ.സുകുമാരന്റേതെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. വാർത്തകളുടെ കാര്യത്തിൽ തികഞ്ഞ സത്യസന്ധത പുലർത്തുന്നതിലും പത്രാധിപർ ശ്രദ്ധിച്ചിരുന്നു.

കേരളകൗമുദി നോൺ ജേർണലിസ്റ്റ് അസോസിയേഷൻ സംഘടിപ്പിച്ച പത്രാധിപർ കെ.സുകുമാരന്റെ 44-ാമത് ചരമവാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സാധാരണക്കാരന്റെ വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിലും അതിനു പരിഹാരം കാണുന്നതിലും കെ.സുകുമാരൻ എന്നും ശ്രദ്ധകാട്ടി. അദ്ദേഹം ഉയർത്തിപ്പിടിച്ച ആശയങ്ങൾക്ക് വ്യക്തതയുണ്ടായിരുന്നു. അതിലൂടെയാണ് മാദ്ധ്യമലോകത്ത് അദ്ദേഹം പത്രാധിപർ എന്ന പേര് ആർജ്ജിച്ചത്. കേരളകൗമുദിയുടെ തുടക്കകാലം ഇന്നത്തെ അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോഴാണ് അത് നമുക്ക് ബോദ്ധ്യമാകുന്നത്. ഏറെ പ്രതിസന്ധികളെ അതിജീവിച്ചാണ് കേരളകൗമുദിയെയും പത്രപ്രവർത്തനരംഗത്തെ വലിയൊരു തലമുറയെയും അദ്ദേഹം വളർത്തിക്കൊണ്ടുവന്നത്. മുഖംനോക്കാതെ അഭിപ്രായം പറയുന്ന കെ.ബാലകൃഷ്ണനുൾപ്പെടെയുള്ളവരുടെ പാരമ്പര്യമുള്ള കുടുംബമാണ് കേരളകൗമുദി. നവോത്ഥാന മുന്നേറ്റത്തിന്റെ ഭാഗമായി പത്രാധിപർ സ്വീകരിച്ച നിലപാടുകളും ശ്രദ്ധേയമാണ്. സംവരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വളരെ അർപ്പിതമായ സമീപനമാണ് പത്രാധിപർ സ്വീകരിച്ചിരുന്നത്. വിമോചന സമരകാലത്ത് കേരളകൗമുദി സ്വീകരിച്ച നിലപാട് ഏറെ ശ്രദ്ധേയമായിരുന്നു. മറ്റ് പല പത്രങ്ങളും സമരത്തെ അനുകൂലിച്ചപ്പോൾ കേരളകൗമുദി എതിർത്തു. കേരളകൗമുദിയിൽ പ്രവർത്തിച്ച അനുഭവം മുൻ മുഖ്യമന്ത്രി ഇ.കെ.നയനാർ പറഞ്ഞ് കേട്ടിട്ടുണ്ടെന്നും ബാലഗോപാൽ അനുസ്മരിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനം ഏറെ വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിത്. പ്രത്യേകിച്ച് അച്ചടി മാദ്ധ്യമങ്ങൾ. വാർത്തകളുടെ ആധികാരികത ഉറപ്പാക്കാൻ അച്ചടി മാദ്ധ്യമങ്ങളും വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന ടെലിവിഷൻ ചാനലുകളും ശ്രദ്ധിക്കുന്നുണ്ട്. പാഠപുസ്തകങ്ങൾപോലെ പ്രാധാന്യമുള്ളതാണ് മാദ്ധ്യമങ്ങളും. അതിനാൽ വാർത്തകൾ വസ്തുതാപരമാവണം. സമൂഹത്തെ ആരോഗ്യപരമായി സംരക്ഷിക്കുന്നതിൽ സ്വതന്ത്ര പത്രപ്രവർത്തനത്തിന് വലിയ പങ്കുണ്ട്. സർക്കാരിനെ പലപ്പോഴും പത്രങ്ങൾ വിമർശിക്കാറുണ്ട്. എങ്കിലും പത്രങ്ങളുൾപ്പെടെയുള്ള മാദ്ധ്യമങ്ങളെ ഇല്ലാതാക്കാനുള്ള ഒരു ശ്രമവും സർക്കാർ നടത്താറില്ലെന്നും ബാലഗോപാൽ പറഞ്ഞു.