ഗുരുസമാധി ദിനത്തിൽ ശിവപ്രസാദപഞ്ചകം ഭരതനാട്യമായി അരങ്ങിൽ

Friday 19 September 2025 12:14 AM IST

തൃശൂർ: ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി ദിനത്തിന്റെ ഭാഗമായി 171 നർത്തകർ അണിനിരക്കുന്ന ഗുരുനടനം ഭരതനാട്യം നൃത്താവിഷ്‌കാരം അവതരിപ്പിക്കുന്നു. ഗുരുവിന്റെ ഇഷ്ട ശിവസ്തുതിയായ ശിവപ്രസാദ പഞ്ചകമാണ് നർത്തകി മഞ്ജു വി.നായർ ചിട്ടപ്പെടുത്തി അരങ്ങിലെത്തിക്കുന്നത്. ബിജീഷ് കൃഷ്ണയാണ് സംഗീത സംവിധാനം.

ശിവഗിരിമഠം ഗുരുധർമ്മ പ്രചാരണ സഭ ജില്ലാ കമ്മിറ്റി, തൃശൂർ കർമ്മ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെ 21ന് വൈകിട്ട് അഞ്ചിന് തേക്കിൻകാട് മൈതാനത്തെ തെക്കേ ഗോപുരനടയ്ക്ക് സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് നൃത്താവിഷ്‌കാരം. ചടങ്ങിന് മുന്നോടിയായി എളമക്കര സ്വദേശി യോഗാദ്ധ്യാപകൻ അഞ്ജന കാവുങ്ങൽ ചിട്ടപ്പെടുത്തിയ ദൈവദശകം 27 യോഗാസനങ്ങളായി അവതരിപ്പിക്കും. വാർത്താസമ്മേളനത്തിൽ ദൈവദശകം കൂട്ടായ്മ ചെയർമാൻ ഗിരീഷ് ഉണ്ണിക്കൃഷ്ണൻ, കർമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സിദ്ധകുമാർ വടക്കൂട്ട്, പി.വി.നന്ദകുമാർ, രമ്യ അനൂപ്, രാധിക വിപിൻ എന്നിവർ പങ്കെടുത്തു.