യുവേഫ ചാമ്പ്യൻസ് ലീഗ് : പാരീസ്, റയൽ,ആഴ്സനൽ, ലിവർപൂൾ പറന്നുതുടങ്ങി

Friday 19 September 2025 12:15 AM IST

മത്സരഫലങ്ങൾ

റയൽ മാഡ്രിഡ് 2- മാഴ്സെ 1

ആഴ്സനൽ 2- അത്‌ലറ്റിക് ക്ളബ് 0

യുവന്റസ് 4- ഡോർട്ട്മുണ്ട് 4

ടോട്ടൻഹാം 1- വിയ്യാറയൽ 0

ബയേൺ 3- ചെൽസി1

ലിവർപൂൾ 3- അത്‌ലറ്റിക്കോ 2

ഇന്റർ മിലാൻ 2- അയാക്സ് 0

പി.എസ്.ജി 4- അറ്റ്‌ലാന്റ 0

ചെൽസിയെ തോൽപ്പിച്ച് ബയേൺ

ലണ്ടൻ : യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പുതിയ സീസണിലെ ആദ്യ മത്സരങ്ങളിൽ വിജയം നേടി മുൻനിരക്ളബുകൾ. നിലവിലെ ചാമ്പ്യന്മാരായ ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജി മറുപടിയില്ലാത്ത നാലുഗോളുകൾക്ക് ഇറ്റാലിയൻ ക്ളബ് അറ്റ്ലാന്റയെ കീഴടക്കിയപ്പോൾ നിലവിലെ റണ്ണേഴ്സ് അപ്പുകളായ ഇന്റർ മിലാൻ ഡച്ച് ക്ളബ് അയാക്സിനെ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് മറികടന്നു. മുൻ ചാമ്പ്യന്മാരായ റയൽ 2-1ന് ഫ്രഞ്ച് ക്ളബ് മാഴ്സെയേയും ബയേൺ മ്യൂണിക്ക് 3-1ന് ചെൽസിയേയും ലിവർപൂൾ 3-2ന് അത്‌ലറ്റിക്കോ മാഡ്രിഡിനേയും തോൽപ്പിച്ചു.ഇംഗ്ളീഷ് ക്ളബ് ആഴ്സനൽ 2-0ത്തിന് സ്പെയ്നിൽ നിന്നുള്ള അത്‌ലറ്റിക് ക്ളബിനെ കീഴടക്കിയപ്പോൾ ഇറ്റാലിയൻ ക്ളബ് യുവന്റസ് 4-4ന് ജർമ്മൻ ക്ളബ് ബൊറൂഷ്യ ഡോർട്ട്മുണ്ടിനെ തോൽപ്പിച്ചു.

മൂന്നാം മിനിട്ടിൽ മാർക്വിന്യോസ്,39-ാം മിനിട്ടിൽ വരാറ്റ്ഷ്കേലിയ,51-ാം മിനിട്ടിൽ ന്യൂനോ മെൻഡസ്,90+1-ാം മിനിട്ടിൽ ഗോൺസാലോ റാമോസ് എന്നിവർ നേടിയ ഗോളുകൾക്കാണ് പി.എസ്.ജി അറ്റലാന്റയെ കീഴടക്കിയത്. അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ കളി തുടങ്ങി ആറാം മിനിട്ടിൽ 2-0ത്തിന് മുന്നിലെത്തിയ ലിവർപൂൾ പിന്നീട് സമനിലയിൽ കുരുങ്ങിയെങ്കിലും ഇൻജുറി ടൈമിലെ വിർജിൽ വാൻഡിക്കിന്റെ ഗോളിലൂടെ വിജയം കണ്ടു.നാലാം മിനിട്ടിൽ ആൻഡ്രൂ റോബർട്ട്സണും ആറാം മിനിട്ടിൽ മുഹമ്മദ് സലായുമാണ് ലിവർപൂളിനായി ആദ്യ ഗോളുകൾ സ്കോർ ചെയ്തത്. 45-ാം മിനിട്ടിലും 81-ാം മിനിട്ടിലുമായി മാർക്കോസ് ലോറെന്റേയാണ് അത്‌ലറ്റിക്കോയ്ക്ക് വേണ്ടി സ്കോർ ചെയ്തത്.

42,47 മിനിട്ടുകളിലായി മാർക്കസ് തുറാം നേടിയ ഗോളുകൾക്കാണ് ഇന്റർ മിലാൻ അയാക്സിനെ മറികടന്നത്. 22-ാം മിനിട്ടിൽ തിമോത്തി വിയ്യയിലൂടെ മുന്നിലെത്തി ഞെട്ടിച്ച മാഴ്സയെ 28,81 മിനിട്ടുകളിൽ പെനാൽറ്റിയിൽ നിന്ന് സ്കോർ ചെയ്ത കിലിയൻ എംബാപ്പെയിലൂടെയാണ് റയൽ മാഡ്രിഡ് മറിക‌ടന്നത്. 72-ാം മിനിട്ടിൽ ഡാനി കർവഹായലിന് ചുവപ്പുകാർഡ് കണ്ടതോടെ 10 പേരുമായാണ് റയൽ കളി പൂർത്തിയാക്കിയത്. 20-ാം മിനിട്ടിൽ ചെൽസി താരം ചലോബയുടെ സെൽഫ് ഗോളിലൂടെ മുന്നിലെത്തിയിരുന്ന ബയേണിനായി 27-ാം മിനിട്ടിൽ ഹാരി കേയ്ൻ രണ്ടാം ഗോളും നേടി. 29-ാം മിനിട്ടിൽ കോൾ പാമർ ചെൽസിക്കായി സ്കോർ ചെയ്തെങ്കിലും 63-ാം മിനിട്ടിലെ ഹാരിയുടെ രണ്ടാം ഗോൾ ബയേണിന്റെ വിജയം ആധികാരികമാക്കി.

നാലാം മിനിട്ടിലെ ലായിസ് ജൂനിയറിന്റെ സെൽഫ് ഗോളിലാണ് ടോട്ടൻഹാം വിയ്യാറയലിനെ മറികടന്നത്. 72,87 മിനിട്ടുകളിലായി യഥാക്രമം ഗബ്രിയേൽ മാർട്ടിനെല്ലി, ലിയാൻഡ്രോ ട്രൊസാഡ് എന്നിവർ നേടിയ ഗോളുകൾക്കാണ് ആഴ്സനൽ അത്‌ലറ്റിക് ക്ളബിനെ കീഴടക്കിയത്.