പത്രാധിപർ കെ.സുകുമാരൻ മാദ്ധ്യമ പരിഷ്കർത്താവ് : രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: മാദ്ധ്യമരംഗത്ത് നവോത്ഥാനം കൊണ്ടുവന്ന പത്രാധിപർ കെ. സുകുമാരൻ കേരളത്തിന്റെ മാദ്ധ്യമ പരിഷ്കർത്താവ് കൂടിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കേരളകൗമുദി സ്ഥാപകപത്രാധിപർ കെ.സുകുമാരന്റെ 44-ാം ചരമവാർഷിക സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ വളർച്ചയിൽ നിർണായക സാന്നിദ്ധ്യമാണ് കേരളകൗമുദി. ഡിജിറ്റൽ, സോഷ്യൽ മീഡിയകളുടെ വരവോടെ കേരളത്തിൽ പത്രമാദ്ധ്യമങ്ങൾക്ക് പ്രധാന്യം നഷ്ടപ്പെട്ടെന്ന ചിന്താഗതി ശരിയല്ല. പണ്ടുകാലത്ത് രാഷ്ട്രീയ നേതാവാകാനും ശാസ്ത്രജ്ഞനാകാനും ബിസിനസ് പ്രമുഖനാകാനും വളരെയേറെ കഷ്ടപ്പാടുണ്ടായിരുന്നു. മികച്ച പ്രവർത്തനം കാഴ്ചവയ്ക്കണം, വിശ്വാസത്യയും അനുഭവസമ്പത്തും അർജ്ജിക്കണം, നല്ലൊരു ട്രാക്ക് റെക്കാഡ് രൂപപ്പെടുത്തണം. ഇതെല്ലാം പത്രമാദ്ധ്യമങ്ങളിലൂടെ ജനങ്ങളിലെത്തുന്നു. അവർ ഓരോരുത്തരെയും മനസിലാക്കി വിലയിരുത്തുന്നു. ഇപ്പോൾ സോഷ്യൽ,ഡിജിറ്റൽ മീഡിയകളിലെ റീൽസിലൂടെ ജനങ്ങൾക്കിടയിൽ തെറ്റിധാരണ സൃഷ്ടിക്കുന്നു. ഇന്ന് നേതാവാകാനും ഏതെങ്കിലും മേഖലയിൽ വിജയിയാവാനും ഡിജിറ്റൽ മാർക്കറ്റിംഗിന്റെ സഹായത്തോടെ റീൽസുകൾ സൃഷ്ടിക്കുന്നു. ഇവിടെയാണ് പരമ്പരാഗതമായ പത്രമാദ്ധ്യമങ്ങളുടെ പ്രസക്തി.
ഡിജിറ്റൽ സോഷ്യൽ മീഡിയകൾ ഒരിക്കലും പത്രമാദ്ധ്യമങ്ങൾക്ക് പകരമാകില്ല. യു.എസിലും യു.കെയിലും യൂറോപ്പിലും ന്യൂയോർക്ക് ടൈംസും വാഷിംഗ്ടൺ പോസ്റ്റും വാൾസ്ട്രീറ്റ് ജേർണലും ഇന്നും വിശ്വാസ്യതയുള്ള മാദ്ധ്യമങ്ങളായി നിലനിൽക്കുന്നത് ഇതിനു തെളിവാണ്. തെറ്റായവിവരങ്ങൾ പ്രചരിപ്പിച്ച് ഒന്നുമല്ലാത്തവരെ വലുതായി ചിത്രീകരിക്കുന്ന ഡിജിറ്റൽ മീഡിയയുടെ കാലത്ത് പത്രമാദ്ധ്യമങ്ങളുടെ ഉത്തരവാദിത്വം വർദ്ധിക്കുകയാണ്. കേരളകൗമുദിയെന്ന സ്വതന്ത്രവും വിശ്വാസ്യത ഉള്ളതുമായ പത്രത്തിന് ഇന്നത്തെ കാലത്തും ഭാവിയിലും വലിയ ഉത്തരവാദിത്വങ്ങൾ നിറവേറ്റാനുണ്ട്. അതിന് സമൂഹത്തിന്റെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.