നീരജിന് 'കണ്ണേറ് '

Friday 19 September 2025 12:16 AM IST

ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നീരജ് ചോപ്രയ്ക്ക് എട്ടാം സ്ഥാനം മാത്രം

കെഷോൺ വാൽക്കോട്ടിന് സ്വർണം, അർഷദ് നദീം പത്താമത്

നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് വിസ്മയമായി സച്ചിൻ യാദവ്

ടോക്യോ : ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലെ ജാവലിൻ ത്രോയിൽ നിലവിലെ ലോകചാമ്പ്യൻ ഇന്ത്യയുടെ നീരജ് ചോപ്രയും പാകിസ്ഥാന്റെ ഒളിമ്പിക് ചാമ്പ്യൻ അർഷാദ് നദീമും തമ്മിലുള്ള പോരാട്ടം കാണാൻ കാത്തിരുന്നവരെ ഞെട്ടിച്ച് ഇരുവരും മെഡലില്ലാതെ മടങ്ങി. നാലവർഷത്തോളമായി പങ്കെടുക്കുന്ന മത്സരങ്ങളിലെല്ലാം ഒന്നോ രണ്ടോ സ്ഥാനങ്ങളിലൊന്ന് സ്വന്തമാക്കിയിരുന്ന നീരജ് ചോപ്ര ഇത്തവണ കണ്ണേറുകിട്ടിയെന്നവണ്ണം ഫിനിഷ് ചെയ്തത് എട്ടാം സ്ഥാനത്ത്.അർഷാദ് അവിടെയും നിന്നില്ല. പത്താം സ്ഥാനത്തേക്ക് കൂപ്പുകുത്തി. നാലുവർഷം മുമ്പ് തന്റെ കന്നി ഒളിമ്പിക് സ്വർണം എറിഞ്ഞിട്ട അതേവേദിയിലാണ് ഇന്നലെ നീരജ് നിരാശയോടെ മടങ്ങിയത്.

88.16 മീറ്റർ എറിഞ്ഞ ട്രിനിഡാഡ് ആൻഡ് ടൊബാഗോക്കാരൻ കെഷോൺ വാൽക്കോട്ടാണ് ഇന്നലെ സ്വർണമണിഞ്ഞത്. ഗ്രനാഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സ് (87.38 മീറ്റർ ) വെള്ളിയും അമേരിക്കയുടെ കർട്ടിസ് തോംപ്സൺ (86.67മീറ്റർ) വെങ്കലവും നേടി. തന്റെ ഏറ്റവും മികച്ച വ്യക്തിഗത ദൂരമായ 86.27 മീറ്റർ കണ്ടെത്തിയ ഇന്ത്യൻ യുവതാരം സച്ചിൻ യാദവിന് നാലാം സ്ഥാനം ലഭിച്ചു. ഒരു ലോക വേദിയിലെ സച്ചിന്റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇത്.84.03 മീറ്ററേ നീരജിന് ഇന്നലെ ജാവലിൻ പായിക്കാൻ കഴിഞ്ഞുള്ളൂ. അർഷാദിന് 82.75 മീറ്ററും.

കണ്ണുകളെല്ലാം നീരജിലും

അർഷാദിലും

ടോക്യോ നാഷണൽ സ്റ്റേഡിയത്തിൽ ഇന്നലെ മത്സരം തുടങ്ങുമ്പോൾ മുതൽ കാണികളുടെ കണ്ണ് നീരജിലും അർഷാദിലുമായിരുന്നു. 83.65 മീറ്റർ മാത്രമായിരുന്നു നീരജിന്റെ ആദ്യ ത്രോ. അർഷാദിന്റെ ആദ്യ ത്രോ 82.73 മീറ്ററും. 86.67 മീറ്റർ എറിഞ്ഞ് കർട്ടിസ് തോംപ്സൺ ആദ്യ റൗണ്ടിൽ മുന്നിലെത്തിയപ്പോൾ 86.27 മീറ്ററുമായി സച്ചിൻ രണ്ടാമതെത്തി. രണ്ടാം ശ്രമത്തിൽ നീരജ് 84.03 മീറ്ററിലെത്തി. രണ്ടാം ശ്രമം ഫൗളാക്കിയ അർഷദ് മൂന്നാം ശ്രമത്തിൽ 82.75 മീറ്ററിലെത്തി. നീരജിന്റെ മൂന്നാം ശ്രമം ഫൗളായി.ഇതിനകം നീരജും നദീമും മെഡൽ സ്ഥാനങ്ങളിൽ നിന്ന് പിന്തള്ളപ്പെട്ടിരുന്നു. നാലാം ശ്രമം ഫൗളായതോടെ പാക് താരം എലിമിനേറ്റഡായി. നീരജിന്റെ നാലാം ശ്രമത്തിൽ 82.86 മീറ്ററേ പിറന്നുള്ളൂ. അഞ്ചാം ശ്രമം ഫൗളായതോടെ നീരജിന്റെ പ്രതീക്ഷയറ്റു.

തന്റെ നാലാം ശ്രമത്തിലാണ് വാൽക്കോട്ട് സ്വർണദൂരമായ 88.16 മീറ്റർ കണ്ടെത്തിയത്. സച്ചിന് ആദ്യശ്രമത്തിൽ കണ്ടെത്തിയ ദൂരം മറികടക്കാനായില്ല.

400ൽ റെക്കാഡുമായി

സിഡ്നി

400 മീറ്റർ ഹഡിൽസൽ ഒളിമ്പിക് സ്വർണവും ലോകചാമ്പ്യൻഷിപ്പ് സ്വർണവും നേടിയിട്ടുള്ള അമേരിക്കൻ താരം സിഡ്നിമക് ലോഗ്ളിൻ ലെവ്റോൺ ടോക്യോയിൽ ലോകചാമ്പ്യൻഷിപ്പ് 400 മീറ്ററിലെ ആദ്യ സ്വർണം നേടിയത് ചാമ്പ്യൻഷിപ്പ് റെക്കാഡിന്റെ അകമ്പടിയോടെ.47.78 സെക്കൻഡിൽ ഫിനിഷ് ചെയ്ത സിഡ്നി 1983ലെ ലോക ചാമ്പ്യൻഷിപ്പിൽ യാർമിള ക്രാറ്റോച്വിലോവ സ്ഥാപിച്ചിരുന്ന 47.99 സെക്കൻഡിന്റെ റെക്കാഡാണ് പഴങ്കഥയാക്കിയത്. 1895ൽ മരീത കൊച്ച് നേടിയ 47.60 സെക്കൻഡിന്റെ വിവാദ ലോക റെക്കാഡ് മാത്രമാണ് സിഡ്നിയുടെ റെക്കാഡിന് മുന്നിലുള്ളത്.

നിലവിലെ ഒളിമ്പിക് ചാമ്പ്യൻ ഡൊമിനിക് റിപ്പബ്ളിക്കിന്റെ മെരിലെയ്ഡി പൗളീന്യോയെയും (47.98, വെള്ളി) 2019ലെ ലോക ചാമ്പ്യൻ ബഹ്‌റൈന്റെ സൽവ എയ്ദ് നാസറിനെയും(48.19 വെങ്കലം) പിന്തള്ളിയാണ് സിഡ്നി സ്വർണം നേടിയത്. ടോക്യോ, പാരീസ് ഒളിമ്പിക്സുകളിൽ 400 മീറ്റർ ഹഡിൽസിലും 400 മീറ്റർ റിലേയിലും സ്വർണം നേടിയ സിഡ്നി 2019,2022 ലോക ചാമ്പ്യൻഷിപ്പുകളിൽ റിലേയിലും 2022ൽ ഹഡിൽസിലും സ്വർണമണിഞ്ഞിരുന്നു. 400 മീറ്റർ ഹഡിൽസിലെ നിലവിലെ ലോക റെക്കാഡുകാരികൂടിയാണ് സിഡ്നി.

പുരുഷ 400 മീറ്ററിൽ ബോട്സ്വാനയുടെ ബുസാംഗ് കോളെൻ കെപിനാത്ഷിപിയാണ് സ്വർണം നേടിയത്. 43.53 സെക്കൻഡിലാണ് ബുസാംഗിന്റെ ഫിനിഷിംഗ്. 43.72 സെക്കൻഡിലെത്തിയ ട്രിനിഡാഡ് ആൻഡ് ടൊബാഗോയുടെ ജെറീം റിച്ചാർഡ്സിനാണ് വെള്ളി.ബോട്സ്വാനയുടെ തന്നെ ബയോപ എൻഡോറി (44.20) വെങ്കലത്തിലെത്തി.

ട്രിപ്പിളിൽ ജൂലിമാർ മറിഞ്ഞു

വനികളുടെ ട്രിപ്പിൾജമ്പിൽ തുടർച്ചയായ അഞ്ചാം ലോക ചാമ്പ്യൻഷിപ്പ് സ്വർണമെന്ന സ്വപ്നവുമായെത്തിയ വെനിസ്വേലൻ ഇതിഹാസ അത്‌ലറ്റ് ജൂലിമാർ റോഹസിന്റെ കുതിപ്പിന് തടയിട്ട് ക്യൂബക്കാരി ലയാനിസ് പെരസ്. 14.94 മീറ്റർ ലയാനിസ് ചാടിയപ്പോൾ ഈയിനത്തിലെ നിലവിലെ ലോകറെക്കാഡുകാരിയായ ജൂലിമാർ 14.76 മീറ്റർ മാത്രം ചാടി വെങ്കലത്തിലൊതുങ്ങുകയായിരുന്നു. 14.89 മീറ്റർ കണ്ടെത്തിയ ഡൊമിനിക്കയുടെ തീയ ലാഫോണ്ടിനാണ് വെള്ളി. പാരീസ് ഒളിമ്പിക്സിലെ സ്വർണമെഡൽ ജേതാവാണ് തീയ. ജൂലിമാർ 2017,2019,2022,2023 ലോക ചാമ്പ്യൻഷിപ്പുകളിൽ തുടർച്ചയായി ട്രിപ്പിൾ ജമ്പ് സ്വർണം നേടിയിരുന്നു. ടോക്യോ ഒളിമ്പിക്സിൽ സ്വർണം നേടി കുറിച്ച 15.67 മീറ്ററിന്റെ ലോക റെക്കാഡ് ജൂലിമാറിന്റെ പേരിലാണ്.