പത്രധർമ്മം പഠിപ്പിച്ച പത്രാധിപർ: അടൂർ പ്രകാശ്
തിരുവനന്തപുരം : പത്രപ്രവർത്തന ധർമ്മം മനസിലാക്കുകയും അത് സമൂഹത്തെ പഠിപ്പിക്കുകയും ചെയ്ത പത്രാധിപരാണ് കെ.സുകുമാരനെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി പറഞ്ഞു. പത്രാധിപർ അനുസ്മരണ ചടങ്ങിൽ മുഖ്യാഥിതിയായി സംസാരിക്കുയായിരുന്നു അദ്ദേഹം. പത്രാധിപരെന്ന നാമം കെ.സുകമാരന് മാത്രം അവകാശപ്പെട്ടതാണ്. ചില വ്യക്തിത്വങ്ങൾക്കു മാത്രമേ അതിന് സാധിക്കൂ. സഖാവെന്ന് കേൾക്കുമ്പോൾ പി.കൃഷ്ണപിള്ളയും ലീഡർ എന്നാൽ കെ.കരുണാകരനും മാത്രം ഓർമ്മയിൽ വരുന്നതും അവരുടെ കർമ്മങ്ങളുടെ സവിശേഷതകൊണ്ടാണ്.
മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസിനെ വേദിയിലിരുത്തിക്കൊണ്ട് പത്രാധിപർ നടത്തിയ പ്രസംഗമാണ് കുളത്തൂർ പ്രസംഗം. അധഃസ്ഥിത വർഗത്തിന് നീതി ലഭ്യമാക്കാനുള്ള പോരാട്ടമായിരുന്നു അത്. ആ ചരിത്ര യാഥാർത്ഥ്യങ്ങൾ നിലനിൽക്കുന്നതിനാലാണ് കുളത്തൂർ പ്രസംഗം ജനമനസുകളിൽ നിലനിൽക്കുന്നത്. അദ്ദേഹത്തിന്റെ മൂർച്ചയേറിയ വാക്കുകൾ സമൂഹത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കി.
ഒരാളിനെക്കുറിച്ച് ആക്ഷേപം ഉയർന്നാൽ അതിന്റെ വാസ്തവത്തെക്കുറിച്ച് നീതിപൂർവമായ അന്വേഷണം നടത്താതെ പത്രങ്ങളിൽ അച്ചടിക്കുന്ന സ്ഥിതി ഇന്നുണ്ട്. അവിടെയാണ് പത്രാധിപരുടെ പ്രസക്തി വർദ്ധിക്കുന്നത്. കേരളകൗമുദി വായിച്ചാണ് താൻ വളർന്നത്. അച്ഛനാണ് കേരളകൗമുദി വായിക്കാൻ ശീലിപ്പിച്ചത്. വാർത്തകൾ വായിച്ചതിലൂടെ ലഭിച്ച അറിവാണ് സമൂഹ്യരംഗത്ത് ഉയർന്നുവരാൻ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അടൂർ പ്രകാശ് എന്ന് ആദ്യം അച്ചടിച്ചത് കേരളകൗമുദി
കൊല്ലം എസ്.എൻ.കോളേജിൽ കെ.എസ്.യു പ്രവർത്തകനായിരിക്കെ അടൂർ പ്രകാശ് എന്ന് ആദ്യം അച്ചടിച്ചത് കേരളകൗമുദിയാണെന്ന് അദ്ദേഹം പറഞ്ഞു.കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയായപ്പോഴാണ് പേരുവന്നത്. അന്ന് എന്റെ പേരിനൊപ്പം അടൂർ എന്ന് ഉണ്ടായിരുന്നില്ല. അതിനാൽ ആദ്യം അസ്വസ്ഥതയുണ്ടായി,പൊട്ടിത്തെറിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എന്നെ ആശ്വസിപ്പിച്ചു. അദ്ദേഹമാണ് അടൂരെന്ന് ചേർത്ത് നൽകിയതെന്നും ഇത് എന്നെങ്കിലും പ്രയോജനപ്പെടുമെന്നും ഉണ്ണിത്താൻ പറഞ്ഞു. അന്നുമുതൽ അടൂർ പ്രകാശെന്ന് അറിയപ്പെട്ടു. എന്നാൽ, ഔദ്യോഗിമായി പേര് മാറ്റിയിരുന്നില്ല. ഒരു തിരഞ്ഞെടുപ്പിൽ എനിക്കെതിരെ
അരൂർ പ്രകാശ്
എന്ന സ്ഥാനാർത്ഥി വന്നു. അന്വേഷിച്ചപ്പോൾ എന്റെ മണ്ഡലത്തിൽ തന്നെയുള്ള ആളാണെന്നു മനസിലായി. അപകടം തിരിച്ചറിഞ്ഞാണ് ഗസറ്റിൽ അടൂർ പ്രകാശെന്നാക്കി വിജ്ഞാപനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.