പാകിസ്ഥാനെ വിരട്ടിനിറുത്തിയത് ഐ.സി.സിയിലെ ഇന്ത്യക്കാരൻ

Friday 19 September 2025 12:19 AM IST

മാച്ച് റഫറി പൈക്രോഫ്ടിനെ മാറ്റിയില്ലെങ്കിൽ ഏഷ്യാകപ്പ് ബഹിഷ്കരിക്കുമെന്ന് ഭീഷണി മുഴക്കിയ പാകിസ്ഥാൻ ടീം മുട്ടുമടക്കിയത് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ഇന്ത്യക്കാരൻ സൻജോഗ് ഗുപ്തയുടെ കർക്കശനിലപാടുകൾക്ക് മുന്നിലെന്ന് റിപ്പോർട്ട്. ഇന്ത്യൻ താരങ്ങൾ ഷേക് ഹാൻഡ് നൽകാതെ മടങ്ങിയതിന്റെ നാണക്കേട് മാറ്റാനാണ് മാച്ച് റഫറിയെ മാറ്റിയാലേ യു.എ.ഇയ്ക്ക് എതിരെ കളിക്കൂവെന്ന് പാക് ബോർഡ് വാശിപിടിച്ച് ഹോട്ടലിലിരുന്നത്. ഇന്ത്യൻ താരങ്ങൾക്ക് ഷേക് ഹാൻഡ് നൽകരുതെന്ന് മാച്ച് റഫറി പാക് ക്യാപ്ടനോട് ആവശ്യപ്പെട്ടെന്നും ഇത് കളിനിയമങ്ങൾക്ക് എതിരാണെന്നുമായിരുന്നു പാക് ബോർഡിന്റെ വാദം. എന്നാൽ എം.സി.സി നിയമങ്ങൾ ഉദ്ധരിച്ച് മാച്ച് റഫറി തെറ്റുചെയ്തിട്ടില്ലെന്നും മാറ്റുന്ന പ്രശ്നമില്ലെന്നും സൻജോഗ് നിലപാടെടുത്തു. ബഹിഷ്കരിച്ചാൽ പാക് ടീം നേരിടേണ്ടിവരുന്ന സാമ്പത്തിക ഭവിഷ്യത്തുകളും ഓർമ്മിപ്പിച്ചു. ഇതോടെയാണ് പാക് ബോർഡ് പത്തിമടക്കിയതും കളിക്കാനെത്തിയതും.

രണ്ട് മാസം മുമ്പാണ് സൻജോഗ് ഐ.സി.സിയുടെ സി.ഇ.ഒയായത്.. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് സൻജോംഗ്. പത്രപ്രവർത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച സൻജോംഗ് 2020-ൽ ഡിസ്‌നി ആൻഡ്‌ സ്റ്റാർ ഇന്ത്യയുടെ സ്‌പോർട്‌സ് വിഭാഗം മേധാവിയായി.