പ്രൊഫ.കല്ലട രാമചന്ദ്രൻ സ്‌മാരക ലൈബ്രേറിയൻ അവാർഡ്

Friday 19 September 2025 12:19 AM IST

കൊല്ലം: ജില്ലയിലെ മികച്ച ഗ്രാമീണ ഗ്രന്ഥശാലാ ലൈബ്രേറിയനുള്ള നീരാവിൽ നവോദയം ഗ്രന്ഥശാലയുടെ പ്രൊഫ. കല്ലട രാമചന്ദ്രൻ സ്‌മാരക അവാർഡിന് ചവറ വികാസ് ഗ്രന്ഥശാലാ ലൈബ്രേറിയൻ കെ.സുനിത അർഹയായി. 10001 രൂപ ക്യാഷ് അവാർഡും ബഹുമതി പത്രവും ഉപഹാരവും അടങ്ങുന്നതാണ് അവാർഡ്. ജില്ലയിലെ പ്രശസ്‌ത കലാ-സാംസ്കാരിക സംഘടനയായ ചവറ വികാസിന്റെ ഗ്രന്ഥശാലയെ എ ഗ്രേഡ് ലൈബ്രറിയായി ഉയർത്തുന്നതിലും മാതൃകാപരമായ വായനാ പ്രോത്സാഹന പദ്ധതികൾ നടപ്പാക്കുന്നതിലും ലൈബ്രേറിയൻ എന്ന നിലയിൽ നൽകിയ ചിട്ടയായ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പുരസ്ക്‌കാരം. 30 വൈകിട്ട് 6.30ന് നീരാവിൽ കെ.പി.അപ്പൻ സ്‌മാരക നവോദയം നവശക്തി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഗമത്തിൽ മുൻ വിദ്യാഭ്യാസ - ഹയർ സെക്കഡറി ഡയറക്‌ടർ ബി.എസ്.തിരുമേനി അവാർഡ് സമ്മാനിക്കും.

കാവ്യാലാപന മത്സരം ഒക്ടോബർ 2ന് നീരാവിൽ നവോദയം ഗ്രന്ഥശാല ഗാന്ധിജയന്തി ദിനാചരണ ഭാഗമായി ജില്ലയിലെ ഹൈസ്‌കൂൾ- പ്ലസ് വൺ വിദ്യാർത്ഥികൾക്കായി നടത്തുന്ന കാവ്യാലാപന മത്സരം ഒക്ടോബർ 2ന് രാവിലെ 10ന് ഗ്രന്ഥശാല ജനരഞ്ജിനീ ഹാളിൽ നടക്കും. മഹാത്മജിയെക്കുറിച്ച് മഹാകവികൾ ഉൾപ്പടെയുള്ളവർ രചിച്ച കവിതകളാണ് ആലപിക്കേണ്ടത്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് ക്യാഷ് അവാർഡും പുസ്‌തക സമ്മാനവും ബഹുമതി പത്രവും ലഭിക്കും. സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം സഹിതം രാവിലെ 10 നകം ഗ്രന്ഥശാലയിൽ എത്തണം.

ഫോട്ടോഗ്രഫി മത്സരം നീരാവിൽ നവോദയം ഗ്രന്ഥശാലയുടെ കെ.രവീന്ദ്രൻ സ്‌മാരക ജില്ലാതല ഫോട്ടോഗ്രഫി മത്സരത്തിലേക്ക് 25 വരെ എൻട്രികൾ നൽകാം. ഫോൺ: 9446353792.