ഇന്ന് ഒമാൻ, സൺഡേയിൽ വീണ്ടും പാകിസ്ഥാൻ
ദുബായ് : ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഇന്ന് ഗ്രൂപ്പ് റൗണ്ടിലെ മൂന്നാം മത്സരത്തിൽ ദുർബലരായ ഒമാനെ നേരിടും. ആദ്യ മത്സരത്തിൽ യു.എ.ഇയേയും രണ്ടാം മത്സരത്തിൽ പാകിസ്ഥാനെയും ചുരുട്ടിയപ്പോൾ തന്നെ ഇന്ത്യ സൂപ്പർ ഫോർ റൗണ്ടിൽ എത്തിയിരുന്നു. ഇന്നത്തെ മത്സരഫലം അപ്രസക്തമാണെങ്കിലും ഞായറാഴ്ച പാകിസ്ഥാനെതിരെ നടക്കുന്ന സൂപ്പർഫോർ റൗണ്ടിലെ മത്സരത്തിന് മുമ്പുള്ള വാം അപ്പിനാണ് സൂര്യകുമാർ യാദവും സംഘവും ഇറങ്ങുന്നത്.
യു.എ.ഇക്കെതിരെ ഒൻപത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. പാകിസ്ഥാനെതിരെ ഏഴുവിക്കറ്റിനും. യു.എ.ഇയെ 57 റൺസിൽ ആൾഔട്ടാക്കിയപ്പോൾ പാകിസ്ഥാനെ 127/9ലൊതുക്കി.സ്പിന്നർമാരായ കുൽദീപ് യാദവ്, അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി, പേസ് ആൾറൗണ്ടർ ഹാർദിക് പാണ്ഡ്യ, പേസർ ജസ്പ്രീത് ബുംറ എന്നിവരടങ്ങിയ ബൗളിംഗ് നിരയ്ക്ക് ഒമാൻ ഒന്നുമല്ല. ഇന്ത്യൻ ബാറ്റർമാരെ പരീക്ഷിക്കാനുള്ള ശക്തി ഒമാന്റെ ബൗളിംഗ് നിരയ്ക്കുമില്ല. പാകിസ്ഥാനോട് 93 റൺസിനും യു.എ.ഇയോട് 42 റൺസിനും തോറ്റവരാണ് പഞ്ചാബിൽ ജനിച്ച ജതീന്ദർ സിംഗ് നയിക്കുന്ന ഒമാൻ ടീം. ഇന്ത്യക്കാരായ സമയ് ശ്രീവാസ്തവ,ആര്യൻ ബിഷ്ത്,വിനായക് ശുക്ള തുടങ്ങിയവർ ഒമാൻ ടീമിലുണ്ട്.
മത്സരഫലം അപ്രസക്തമായതിനാൽ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നൽകി അർഷ്ദീപിനെ കളിപ്പിക്കാൻ സാദ്ധ്യതയുണ്ട്. ബാറ്റിംഗ് ലൈനപ്പിലും ചില മാറ്റങ്ങൾ ഗംഭീർ വരുത്തിയേക്കാം.
ഇന്ത്യ Vs ഒമാൻ
8 pm മുതൽ സോണി ടെൻ
സ്പോർട്സിലും സോണി ലിവിലും