സീതത്തോട്‌ - നിലയ്ക്കൽ കുടിവെള്ള പദ്ധതി, കുടിവെള്ള പ്രശ്നം ഇനി പഴങ്കഥ

Friday 19 September 2025 12:22 AM IST

പത്തനംതിട്ട : മലയോരത്തിന്റെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുന്ന സീതത്തോട്‌ - നിലയ്ക്കൽ കുടിവെള്ള പദ്ധതി അവസാനഘട്ടത്തിൽ. നിലയ്ക്കൽ ബേസ് ക്യാമ്പിൽ എത്തുന്ന ലക്ഷക്കണക്കിന് ശബരിമല തീർത്ഥാടർക്കും പെരുനാട് ഗ്രാമപഞ്ചായത്തിലെ നിലയ്ക്കൽ, പ്ലാപ്പള്ളി, ളാഹ ഭാഗങ്ങളിലും സീതത്തോട് ഗ്രാമപഞ്ചായത്തിലും കുടിവെള്ളം എത്തിക്കുന്ന ബൃഹത്ത് പദ്ധതിയാണിത്. നബാർഡ് ഫണ്ടിനൊപ്പം ജൽ ജീവൻ മിഷനിലും ഉൾപ്പെടുത്തി 120 കോടി രൂപ ചെലവിലാണ് പദ്ധതി. മലയോര മേഖലയിലെ കുടിവെള്ള പ്രശ്‌നത്തിനും ജല വിതരണത്തിനായി ചെലവഴിക്കുന്ന കോടികളുടെ അധിക ബാദ്ധ്യതയ്ക്കും പദ്ധതിയിലൂടെ പരിഹാരമാകും. പദ്ധതിയിലൂടെ മണ്ഡലകാല തീർത്ഥാടനത്തിന് ടാങ്കർ വഴിയുളള ജല വിതരണം പരമാവധി ഒഴിവാക്കുന്നതിനും ആവശ്യമായ കുടിവെളള വിതരണം ഉറപ്പാക്കാനും സാധിക്കും. കക്കാട്ടാറ് കേന്ദ്രീകരിച്ച് നിലയ്ക്കൽ - സീതത്തോട് കുടിവെള്ള പദ്ധതിയുടെ നിർമാണം 2016 ലാണ് ആരംഭിച്ചത്. ആദ്യഘട്ടത്തിൽ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെയും കിണറിന്റെയും നിർമാണം 9 കോടി രൂപ ചെലവിൽ പൂർത്തിയാക്കി. നബാർഡ് പദ്ധതിയിൽ ഉൾപ്പെടാത്ത പ്രവർത്തികൾ ജലജീവൻ മിഷനിലൂടെ നടപ്പാക്കി.

അവസാനഘട്ടത്തിൽ

ആറ് ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള മൂന്ന് സമ്പ് കം ബൂസ്റ്റർ പമ്പ് ഹൗസുകൾ, നിലയ്ക്കൽ ബേസ് ക്യാമ്പിൽ 20 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള മൂന്ന് ഉന്നതതല ജലസംഭരണി, 22.17കിലോമീറ്റർ 500 എം.എം എം.എസ് ക്ലിയർ വാട്ടർ പമ്പിംഗ് മെയിൻ, പമ്പ് ഹൗസുകളിലും ശുദ്ധീകരണശാലയിലും പമ്പ് സെറ്റ്, ട്രാൻസ്‌ഫോമർ എന്നിവയാണ് അവസാനഘട്ടത്തിലുള്ളത്. തത്തയ്ക്കാമണിയിലെയും എസ് കർവിന് സമീപവും പ്ലാപ്പളളിയിലുമുളള ആറ് ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള സമ്പ് കം ബൂസ്റ്റർ പമ്പ് ഹൗസുകളുടെ നിർമാണം പൂർത്തിയായി.

നിലയ്ക്കൽ ബേസ് ക്യാമ്പിലെ ബി.എസ്.എൻ.എൽ ടവറിന് സമീപമുള്ള 20 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ജലസംഭരണിയും തയ്യാറായി. ഗോശാലയ്ക്കും പളളിയറക്കാവ് ക്ഷേത്രത്തിന് സമീപമുള്ള 20 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ജലസംഭരണികളുടെ പ്രവൃത്തി അവസാന ഘട്ടത്തിലാണ്. കഴിഞ്ഞ മണ്ഡലക്കാലത്ത് നിലയ്ക്കൽ ബേസ് ക്യാമ്പിലെ അഞ്ച് ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള താൽക്കാലിക സ്റ്റീൽ ടാങ്കിൽ നിന്ന് ട്രയൽ റൺ വഴി ജലവിതരണം നടത്തിയിരുന്നു.

പദ്ധതി ചെലവ് : 120 കോടി രൂപ,

ശബരിമല തീർത്ഥാടകർക്കും പ്രയോജനകരം

13 മില്യൺ ലിറ്റർ പ്രതിദിനം ശേഷിയുളള ജലശുദ്ധീകരണശാല, ആറ് ലക്ഷം ലിറ്റർ ശേഷിയുളള മൂന്ന് സമ്പ് കം പമ്പ് ഹൗസ്, 508 എം.എം വ്യാസമുളള എം.എസ് പൈപ്പുകൾ ഉപയോഗിച്ചുളള 20,151 മീറ്റർ നീളമുള്ള ലൈനുകൾ , നിലയ്ക്കൽ ബേസ് ക്യാമ്പിൽ 20 ലക്ഷം ലിറ്റർ വീതം ശേഷിയുളള മൂന്ന് ഓവർ ഹെഡ് സ്റ്റോറേജ് റിസർവോയറുകൾ എന്നിവയാണ് പദ്ധതിയുടെ പ്രധാന ഘടകങ്ങൾ.