ഓടിക്കൊണ്ടിരിക്കെ സ്കൂൾ ബസിന്റെ ചക്രം ഊരിമാറി, ദുരന്തം ഒഴിവായി
കൊല്ലം: ഓടിക്കൊണ്ടിരിക്കെ സ്കൂൾ ബസിന്റെ ചക്രം ഊരിമാറി, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ 9.30ന് എം.സി റോഡിൽ കൊട്ടാരക്കര കലയപുരത്താണ് സംഭവം. ഏനാത്ത് മൗണ്ട് കാർമ്മൽ സി.എം.ഐ സെൻട്രൽ സ്കൂളിന്റെ ബസിന്റെ ചക്രമാണ് ഊരിപ്പോയത്.
കലയപുരം ജംഗ്ഷന് സമീപത്തുവച്ച് മുൻഭാഗത്തെ ഇടതുവശത്തെ ചക്രം ഇളകി, ഉരഞ്ഞുനീങ്ങുന്നത് അതുവഴിവന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ വാഹനം നിറുത്താൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. പരിശോധിച്ചപ്പോൾ ചക്രം ആക്സിലിൽ നിന്ന് പൂർണമായും ഊരി മാറിയ നിലയിലാണെന്ന് ബോദ്ധ്യപ്പെട്ടു. അല്പദൂരംകൂടി മുന്നോട്ട് പോയിരുന്നെങ്കിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടേനെ.
ചക്രം ഇളകിത്തുടങ്ങിയശേഷം ഒരു കിലോമീറ്ററിലധികം ബസ് സഞ്ചരിച്ചു. ഡ്രൈവറടക്കം ഇത് അറിഞ്ഞതുമില്ല. പതിമൂന്ന് വിദ്യാർത്ഥികളാണ് ബസിൽ ഉണ്ടായിരുന്നത്. ഇവരെ മറ്റൊരു വാഹനത്തിൽ സ്കൂളിലെത്തിച്ചു.
സ്കൂൾ ബസുകളുടെ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിന്റെ സ്ഥിതിയും എല്ലാ ദിവസവും കർശനമായും പരിശോധിക്കണം. നിരത്തുകളിൽ വാഹന പരിശോധന കർക്കശമാക്കും.
മോട്ടോർ വാഹന വകുപ്പ് അധികൃതർ